കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍, പ്രഭാത പ്രാർത്ഥന

പരിശുദ്ധ അമ്മേ... മാതാവേ...
വലിയ സ്നേഹത്തോടു കൂടിയുള്ള ഞങ്ങളുടെ ചെറിയ ഉദ്യമങ്ങളെ പോലും വിസ്മയകരമായ വിജയത്തിൽ എത്തിക്കുന്ന പരിശുദ്ധമായ ജപമാല പ്രാർത്ഥനയെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ പൂജ്യനിക്ഷേപമായി ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് ഞങ്ങൾ അമ്മയുടെ അരികിലേക്ക് കൂടുതൽ ചേർന്നിരിക്കുന്നു.
ഒരിക്കൽ ഞങ്ങൾ മനസ്സറിഞ്ഞു സഹായം ചെയ്തു കൊടുത്തവർ തന്നെ ഞങ്ങളോട് ഒരു ശത്രുവിനോടെന്നതു പോലെ പെരുമാറുമ്പോഴും. ഞങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിച്ചവർ തന്നെ ഞങ്ങളെ ദ്രോഹിക്കാൻ മുന്നിൽ നിന്നു പരിശ്രമിക്കുമ്പോഴും അന്യായമായി സഹിക്കേണ്ടി വന്ന സങ്കടങ്ങളെയോർത്തും. ഞങ്ങളുടേമേൽ വന്നു ചേർന്ന ദുർവിധിയോർത്തും ഞങ്ങളുടെ മനസ്സ് ഒരു ശില പോലെ ഉറച്ചു പോകാറുണ്ട്.
അമ്മേ... മാതാവേ... ജീവിതത്തിൽ നിന്ദനങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും. മനസ്സറിവില്ലാത്ത കുറ്റാരോപണങ്ങളാൽ വേട്ടയാടപ്പെടുമ്പോഴും. സാന്ത്വനമേകേണ്ടവരാൽ മുറിവേൽപ്പിക്കപ്പെടുമ്പോഴും ഞങ്ങളെ സുഖപ്പെടുത്തുന്ന കർത്താവിൽ ആശ്രയിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തേണമേ.
അങ്ങയുടെ കരുണയുള്ള സ്നേഹത്താൽ ഞങ്ങളുടെ പ്രയാസങ്ങളുടെ തീവ്രതയെ ബാഷ്പീകരിക്കേണമേ. മുന്നോട്ടുള്ള ജീവിതയാത്രയിൽ ഞങ്ങളെ വഴി നടത്തുന്ന ആന്തരികവെളിച്ചമായി അങ്ങു തന്നെ ഞങ്ങളിൽ പ്രകാശിക്കുകയും ചെയ്യണമേ...
ദൈവവരപ്രസാദത്തിന്റെ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ