ദൈവഭക്‌തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു;കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;അവ തികച്ചും നീതിപൂര്‍ണമാണ്. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ ദൈവമായ കർത്താവേ...
ദിനംപ്രതി ഞങ്ങളെ പരിപാലിക്കുകയും വഴിനടത്തുകയും ചെയ്യുന്ന കാരുണ്യത്തിന് മനം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും. അങ്ങിൽ വിശ്വാസമർപ്പിച്ചു ജീവിക്കുമ്പോഴും ഇടയ്ക്കിടെ നിലനിൽപ്പിന്റെ ചില ഭയങ്ങൾ ഞങ്ങളെ അലട്ടാറുണ്ട്.
സമൃദ്ധിയുടെ നാളുകളിൽ. എല്ലാം നന്നായി നടത്തി തരുന്ന ദൈവം ഞങ്ങളെ കൈവെള്ളയിൽ കൊണ്ടു നടക്കുന്നു എന്ന അനുഭവത്തിൽ ജീവിക്കുമ്പോൾ ഞങ്ങളും വിശ്വാസികളാണ്.
എന്നാൽ ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ. അപ്രതീക്ഷിതമായുയരുന്ന അശാന്തിയുടെ തിരമാലകളിലും. ദുരിതങ്ങളുടെ കൊടുങ്കാറ്റിലും പെട്ടുഴലുമ്പോൾ ശാസിക്കാനും ശാന്തമാക്കാനും ശക്തനായവൻ കൂടെയുണ്ട് എന്ന വിശ്വാസസാമിപ്യത്തെ തിരിച്ചറിയുന്നതിൽ ഞങ്ങൾക്ക് തെറ്റു പറ്റുന്നു.
അവിടുന്ന് ഇനിയും ഞങ്ങളുടെ ജീവിതത്തിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നുവോ എന്ന സംശയത്തിന്റെ ആഴക്കടലിലേക്ക് സ്വയം താഴാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ ഞങ്ങൾ വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ നല്ല ഈശോയേ...
ഞങ്ങളിൽ സദാ വസിക്കുകയും. ഞങ്ങളെ ഉള്ളം കൈയ്യിൽ പരിപാലിക്കുകയും ചെയ്യുന്ന അങ്ങയുടെ സാമിപ്യം അനുദിനജീവിതത്തിൽ നിരന്തരം തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കേണമേ.
ജീവിതത്തിലെ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും ശാന്തമാക്കാനും. സ്വസ്ഥതയുടെ തീരമണയ്ക്കാനും കഴിവുള്ള അങ്ങയുടെ ശക്തിയിൽ ശരണം തേടാനുള്ള സത്യവിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ