നമ്മുടെ ആദ്യവിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിക്കുമെങ്കിൽ മാത്രമേ നാം ക്രിസ്തുവിൽ പങ്കുകാരാവുകയുള്ളു. പ്രഭാത പ്രാർത്ഥന
പരമ പരിശുദ്ധനായ ദിവ്യകാരുണ്യ നാഥാ...
ഹൃദയവിശുദ്ധിയോടെ അന്വേഷിക്കുന്നവർ അവിടുത്തെ കണ്ടെത്തുമെന്നും. അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുമെന്നുമുള്ള വിശ്വാസബോധ്യത്തോടെ ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സമീപിക്കുന്നു.
ആദ്യകുർബാന സ്വീകരണം മുതലുള്ള ആദ്യനാളുകളിൽ അത്യധികം സ്നേഹത്തോടെയും.അതിയായ ഉത്സാഹത്തോടെയും ഞങ്ങൾ ബലിയർപ്പണത്തിൽ പങ്കു കൊള്ളുകയും പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഒരു കളിപ്പാട്ടത്തോടുള്ള കുഞ്ഞിന്റെ ആദ്യത്തെ കൗതുകവും താല്പര്യവും പതിയെ അവസാനിക്കുന്നതു പോലെ ഞങ്ങളുടെ ബലിയർപ്പണ രീതികളും വിശ്വാസത്തിൽ നിന്നും വെറും വിസ്മയത്തിലേക്കു വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. വേണ്ടത്ര ആത്മീയാനുഭവമോ.
സ്നേഹത്തിന്റെ ഉള്ളൊരുക്കമോ ഇല്ലാതെ അനുദിനകാര്യങ്ങൾ ചെയ്തു തീർക്കുന്നതു പോലെ അലസതയോടെയുള്ള പരിശുദ്ധ കുർബാന സ്വീകരണം പലപ്പോഴും ഞങ്ങളിൽ തന്നെ യാന്ത്രികമായി തീരുകയും ചെയ്തു.
ഞങ്ങളുടെ നല്ല ഈശോയേ... ഞങ്ങളുടെ ആത്മശരീരങ്ങളുടെ ശക്തിയും ജീവനുമായ അങ്ങയെ ഏറെ ഹൃദ്യമായ വിശ്വാസത്തോടെയും ആത്മാവിൽ നിറയുന്ന ഉൾപ്രേരണയോടെയും സ്വീകരിക്കാൻ കൃപയരുളണമേ.
അപ്പോൾ അവിടുത്തെ ദിവ്യസാനിധ്യത്താൽ ഞങ്ങളുടെയുള്ളിലെ ഭാരങ്ങളെല്ലാം ഒഴിയപ്പെടുന്നതും. ശൂന്യതകളെല്ലാം നിറയപ്പെടുന്നതും ആത്മാവിൽ ഞങ്ങൾക്ക് അനുഭവവേദ്യമാവുക തന്നെ ചെയ്യും...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ... ആമേൻ