മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ആദിയും അന്തവുമായവനേ. ഞങ്ങളുടെ രക്ഷയുടെയും ജീവശക്തിയുടെയും ഉറവിടം അങ്ങാണെന്ന് ഹൃദയത്തിൽ ഏറ്റു പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിൽ അവിടുത്തെ തിരുമുൻപിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു. കൂടെയുണ്ട് സ്നേഹമുള്ള ദൈവം എന്ന് അനേകം തവണ ആവർത്തിച്ചുരുവിട്ടു മനസ്സിൽ ഉറപ്പിച്ചാലും. ആത്മാവിൽ പ്രകീർത്തിച്ചാലും. പലപ്പോഴും ജീവിതത്തിലെ ഒറ്റപ്പെടലുകളിലും.
കഷ്ടപ്പാടുകളിലും. സഹനങ്ങളിലും. കണ്ണുനീരുകളിലുമൊക്കെ. ഏതവസ്ഥയിലും ഞങ്ങളെ മനസ്സിലാക്കുന്നവനും. എല്ലാ പ്രശ്നങ്ങളെക്കാളും വലിയവനുമായ ഒരു ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞങ്ങൾക്ക് ഇടർച്ചയുണ്ടാവുകയും. തനിച്ചായി പോയെന്ന് വിലപിച്ചു കൊണ്ട് മനസ്സും ശരീരവും തളർന്നു ഞങ്ങൾ വീണു പോവുകയും ചെയ്യുന്നു.
ഈശോയേ... ഞങ്ങൾ ആഗ്രഹിക്കാത്ത പലതും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴും. അനിഷ്ടകരമായ സംഭവങ്ങളാൽ ഞങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴും. ക്ഷമയോടെയും സമചിത്തതയോടെയും അവയെ നേരിടാനും. വിശ്വാസത്തിൽ ദുർബലരായി അങ്ങയെ വിട്ടു പോകാതിരിക്കാനും ഞങ്ങളെ സഹായിക്കണമേ.
ഏതു സാഹചര്യങ്ങളിലും വിശ്വസ്തരും ധീരരുമായിരിക്കാനുള്ള കൃപ ചൊരിയുകയും. ഒന്നിനെയും ഭയപ്പെടാതെ അങ്ങയുടെ സ്നേഹത്തിൽ ആശ്രയിച്ചു കൊണ്ടു മുന്നോട്ടു പോകുവാനുള്ള അനുഗ്രഹത്താൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ.
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നൽകിയ ദൈവകാരുണ്യമേ... ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു... ആമേൻ