ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ എന്റെ സ്വർഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല. പ്രഭാത പ്രാർത്ഥന
പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങളുടെ രക്ഷയുടെ സന്തോഷവും. ആത്മാവിന്റെ ആനന്ദവും. കൃപയുടെ നിറവുമായ അങ്ങയെ ഈ പ്രഭാതത്തിലും അത്യധികം സ്നേഹത്തോടെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
അതിയായ ആഗ്രഹത്തോടും പ്രാർത്ഥനയോടും കൂടെ കുഞ്ഞുമക്കളെ ദൈവകരങ്ങളിൽ നിന്നും സ്വീകരിക്കാറുണ്ടെങ്കിലും. അപകടകരമായ സാഹചര്യങ്ങളിലും. നിരാശ നിറഞ്ഞ ജീവിതാവസ്ഥകളിലും പിടിച്ചു നിന്നത് മക്കളുടെ മുഖമോർത്തിട്ടാണ് എന്ന് ഹൃദയം തുറന്ന് ഏറ്റു പറയാറുണ്ടെങ്കിലും പലപ്പോഴും കുഞ്ഞുമക്കളുടെ മുൻപിൽ നല്ലൊരു മാതൃകയാകാൻ ഞങ്ങളിൽ പലർക്കും കഴിയാറില്ല.
കുടുംബത്തിലെ നിസാരപ്രശ്നങ്ങളിൽ പോലും സ്വാർത്ഥപരമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും. സ്വന്തം ഭാഗം ന്യായീകരിക്കാൻ തെറ്റുകളെ കൂട്ടു പിടിക്കുമ്പോഴും. നിസാരകാരണങ്ങളും തിരക്കുകളുമുണ്ടാക്കി ആത്മീയതയെയും പ്രാർത്ഥനാശീലങ്ങളേയുമെല്ലാം കുടുംബത്തിനുള്ളിൽ നിന്നും അകറ്റി നിർത്തുമ്പോഴും നീതികരിക്കപ്പെടുന്ന വിശ്വാസസത്യങ്ങളിൽ നിന്നും. വിശുദ്ധീകരിക്കപ്പെടുന്ന ചുറ്റുപാടുകളിൽ നിന്നും ഞങ്ങളുടെ കുഞ്ഞുമക്കളെ തടഞ്ഞു കൊണ്ട് ആത്മാവിൽ ഞങ്ങളവർക്ക് ദുഷ്പ്രേരണ നൽകുകയായിരുന്നു എന്ന സത്യം പലപ്പോഴും തിരിച്ചറിഞ്ഞതേയില്ല.
ഈശോയേ. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും മനോഭാവവും. ജീവിതശൈലിയുമെല്ലാം കുടുംബങ്ങളിൽ കുട്ടികൾക്കുള്ള തുറന്ന സുവിശേഷമായിരിക്കാൻ വരമരുളേണമേ. അപ്പോൾ ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ ആഗ്രഹിക്കാത്ത പിതാവിന്റെ തിരുവുള്ളം ഞങ്ങളുടെയിടയിലും നിറവേറുകയും. പരിശുദ്ധമായ ചിന്തകളാലും പരിപൂർണമായ സ്നേഹത്താലും ഉദാത്തമായ ജീവിതമാതൃകകളായി ഞങ്ങളുടെ ജീവിതവും ചുറ്റുപാടുകളും സുവിശേഷാനുസരണമായി അനുദിനം നവീകരിക്കപ്പെടുകയും ചെയ്യും...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ