ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് ഇഷ്‌ടപ്പെടുന്നില്ല. പ്രഭാത പ്രാർത്ഥന
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
പരമപരിശുദ്ധമായ അവിടുത്തെ തിരുവിലാവിൽ മറയ്ക്കപ്പെടുവാനുള്ള അതിയായ ആഗ്രഹത്തോടെ ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും ഞങ്ങളുടെ വിശ്വാസവും കാഴ്ച്ചകളിലെ അത്ഭുതങ്ങളെയും ജീവിതത്തിലെ അടയാളങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.
എന്നെക്കൊണ്ട് മാത്രം സാധിക്കില്ലെന്നുറപ്പുള്ള ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തന്നാൽ. ഞങ്ങളുടെ സാമ്പത്തിക മേഖലകൾ മെച്ചപ്പെട്ടാൽ. വൈദ്യശാസ്ത്രം പോലും പരാജയപ്പെട്ട ഞങ്ങളുടെ മാറാരോഗത്തിൽ നിന്നും ഞങ്ങൾക്കു സൗഖ്യം ലഭിച്ചാൽ. ഞങ്ങളുടെ ദുഃഖങ്ങൾ സന്തോഷമായി പകർത്തിയരുളിയാൽ. ഞങ്ങളുടെ ജീവിതത്തിൽ സുഖവും സമാധാനവും നൽകിയാൽ ഞങ്ങളും വിശ്വസിക്കാം. അങ്ങ് ഞങ്ങളുടെ കർത്താവും ദൈവവുമാണെന്ന്.
ഈശോയേ. അങ്ങയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകരുണയാൽ ഞങ്ങളിലെ അവിശ്വാസത്തിന്റെ മാറാവ്യാധിയെ സുഖപ്പെടുത്തേണമേ.പ്രപഞ്ചത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ കരുണയാൽ ഞങ്ങളെ വീണ്ടെടുക്കുകയും സത്യവിശ്വാസത്തിൽ വളർത്തുകയും ചെയ്യണമേ.
അപ്പോൾ ഇരുളിലാണ്ടു കിടക്കുന്ന ഞങ്ങളുടെ ജീവിതത്തിലെ പ്രത്യാശയുടെ തിരിവെട്ടമായി അങ്ങെന്നിൽ എന്നും തെളിഞ്ഞെരിയുക തന്നെ ചെയ്യും... വിശുദ്ധ തോമസ് ബെക്കെറ്റ്... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച അപേക്ഷിക്കണമേ... ആമേൻ