നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്. പ്രഭാത പ്രാർത്ഥന
ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ടാവായ ഞങ്ങളുടെ ദൈവമേ...
അങ്ങയുടെ സമൃദ്ധമായ സ്നേഹവും, കരുണയും, വരദാനഫലങ്ങളും കൊണ്ടു നിറയപ്പെടാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണഞ്ഞിരിക്കുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമ്പോഴും.
എത്രയേറെ പ്രാർത്ഥിച്ചിട്ടും ജീവിതം പരാജയത്തിന്റെ വഴികളിലൂടെ മാത്രം കടന്നു പോകുമ്പോഴും ഞങ്ങളുടെ വിശ്വാസവും പരീക്ഷിക്കപ്പെടാറുണ്ട്. ഓരോ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോഴൊക്കെയും ഒന്നു താങ്ങി നിർത്തേണ്ടവരിൽ നിന്നും കിട്ടുന്ന പരിഹാസങ്ങളിലും കുത്തുവാക്കുകളിലും പലപ്പോഴും ഞങ്ങളും ബലഹീനരായി തീരുന്നു.
നാഥാ... പ്രാർത്ഥനകൾക്ക് ഒരുത്തരവും കിട്ടാതെ വരുമ്പോഴും മടുങ്ങാതെ പ്രാർത്ഥിക്കാനും. ഞങ്ങളുടെ ജീവിതത്തിലെ ഏതവസ്ഥകളിലും മാറ്റാരേക്കാളുമധികമായി അങ്ങിലാശ്രയിക്കാനും തക്കവിധം ഞങ്ങളെ വിശ്വാസത്തിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തേണമേ.എന്തന്നാൽ ഞങ്ങളുടെ ബലഹീനതയിലാണല്ലോ അങ്ങയുടെ ശക്തി പൂർണമായും പ്രകടമാകുന്നത്.
നീതിമാനായ മാർ യൗസേപ്പേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ...ആമേൻ