നിനക്ക് എന്റെ കൃപ മതി. എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്. പ്രഭാത പ്രാർത്ഥന
സ്നേഹസ്വരൂപനായ ഞങ്ങളുടെ ദൈവമേ... ഈ പ്രഭാതത്തിലും ഞങ്ങളങ്ങയെ സ്തുതിക്കുന്നു. ആരാധിക്കുന്നു. അങ്ങേയ്ക്ക് നന്ദിയർപ്പിക്കുന്നു. യുഗാന്തം വരെ ഞങ്ങളുടെ കൂടെയുണ്ടാവുമെന്നരുളി ചെയ്തവനും. ഞങ്ങൾക്കു വേണ്ടി എല്ലാം ചെയ്തു തരുന്നവനും. ഒരിക്കലും മാറ്റമില്ലാത്തതും മറക്കാത്തതുമായ സ്നേഹത്തിന്റെ ഉറവിടവുമായ അങ്ങയോടാണല്ലോ ഞങ്ങളെന്നും പ്രാർത്ഥിക്കുന്നത്. ഞങ്ങൾ കടന്നു പോകുന്ന എല്ലാ അവസ്ഥകളും ജീവിതസാഹചര്യങ്ങളും അങ്ങേയ്ക്കറിവുള്ളതാണല്ലോ.
ഈ ലോകത്ത് അങ്ങു സ്വന്തമായി തന്നവരെ ഞങ്ങൾ സ്നേഹിച്ചു. അവസാനം വരെ കൂടെയുണ്ടാവുമെന്നു വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾക്കു ചുറ്റും കഷ്ടതകൾ കരകവിഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാലും. സാമ്പത്തിക പ്രതിസന്ധികളാലും വലയം ചെയ്യപ്പെട്ടപ്പോൾ.
സൗഖ്യപ്പെടാത്ത രോഗപീഡകൾ ഞങ്ങളെ ഞെരുക്കിയപ്പോൾ വിശ്വസ്ഥരെന്നു കരുതിയ പ്രിയപ്പെട്ടവർ പോലും ഞങ്ങളെ കുറ്റപ്പെടുത്തുകയും വിട്ടുപേക്ഷിച്ചു പോവുകയും ചെയ്തു. ഏകാന്തതയും ഒറ്റപ്പെടലും ഈ സഹനങ്ങളെല്ലാം ഞങ്ങളുടെ ശക്തിക്കതീതമാണെന്ന ചിന്തയെ നിരന്തരം ഞങ്ങളിൽ ഉറപ്പിച്ചു.
ഈശോയേ... അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്ന ഉറപ്പോടെയും വിശ്വാസത്തോടെയും ഞങ്ങളിതാ അവിടുത്തെ സന്നിധിയിലേക്ക് തിരികെ വരുന്നു. അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്നും പിൻവലിക്കരുതേ. അവിടുത്തെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും സുരക്ഷിതത്വമനുഭവിക്കാനും. എല്ലാറ്റിനെയും അതിജീവിക്കുന്ന അവിടുത്തെ കൃപയും സമാധാനവും സ്വന്തമാക്കാനും അങ്ങു ഞങ്ങളെ അനുഗ്രഹിക്കണമേ... വരപ്രസാദപൂർണ്ണയായ മാതാവേ... ദൈവവരപ്രസാദത്തിന്റെ ചാലുകൾ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ... ആമേൻ