എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്‌തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും പ്രാർത്ഥനയുടെ കൂപ്പു കരങ്ങളോടെ ഞങ്ങൾ അങ്ങയോടു ചേർന്നിരിക്കുന്നു. ഇന്നേ ദിനമുള്ള ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അവിടുത്തെ അനുഗ്രഹവും കൃപയും ഉണ്ടാവുകയും ഞങ്ങൾ പോകേണ്ട വഴിയിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യണേ.
ദിനവും ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന അനേകം സങ്കടങ്ങളിലൂടെയും ആകുലങ്ങളിലൂടെയും ഞങ്ങൾക്കു കടന്നു പോകേണ്ടി വരുന്നു. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച ചില ദുഃഖങ്ങൾ. ദുരിതങ്ങൾ. ആരും അറിയാനില്ലാതെ. ആരാലും സഹായിക്കപ്പെടാതെ തീർത്തും ഒറ്റപ്പെട്ടു പോയ ദുർദിനങ്ങൾ. ആരിലും ആശ്രയമില്ലാതെ ആശങ്കപ്പെടുത്തുന്ന നാളെകൾ. ആരുടെയും പിൻബലമില്ലാതെ പലതിനും ഉത്തരം കൊടുക്കേണ്ടി വരുന്നതിന്റെ നിസ്സഹായതകൾ.
കർത്താവേ. കനിവാർന്നു ഞങ്ങളെ അങ്ങു കേൾക്കണമേ. ഞങ്ങളുടെ ജീവിതത്തിന്റെ വിഷമതകളിലും കഠിനതകളിലും മനോധൈര്യം അസ്തമിച്ചു ഞങ്ങൾ തളർന്നു പോകാതിരിക്കാൻ ഞങ്ങളെ തനിച്ചാക്കാതെ അങ്ങു ഞങ്ങളോടു കൂടെയുണ്ടാവണേ. സകല സങ്കട നിരാശകളിലും നിന്നും വീണ്ടെടുത്തു അങ്ങു തന്നെ ഞങ്ങളെ താങ്ങി നിർത്തുകയും. അവിടുത്തെ ശക്തിയും സഹായവും നിറച്ചേകി ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയിൽ ആശ്വാസമണയ്ക്കുകയും ചെയ്യണമേ... എന്റെ അമ്മേ... എന്റെ ആശ്രയമേ... ആമേൻ