എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്‌ഷണം. പ്രഭാത പ്രാർത്ഥന

ദൈവഹിതം പൂർത്തിയാക്കുവാൻ ഭൂമിയിലേക്ക് വന്ന ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്തുതിക്കുന്നു...
സ്വന്തം ഇഷ്ടങ്ങളേക്കാൾ മനോഹരമാണ് ദൈവത്തിനു ഞങ്ങളെക്കുറിച്ചുള്ള ഇഷ്ടം എന്ന് ഞങ്ങളെ പഠിപ്പിച്ചതിനായി നന്ദി കർത്താവേ. ഞങ്ങളുടെ ഇഷ്ടങ്ങൾ സാധിച്ചു കിട്ടിയില്ലെങ്കിൽ ഞങ്ങളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമായിട്ടുണ്ട്.
ഈശോയെ അതിനെയോർത്ത് ഞങ്ങൾ അങ്ങയെ കുറ്റപ്പെടുത്തുകയും അങ്ങയിൽ നിന്നും അകന്നുപോകുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും അനുസരിച്ചു ജീവിക്കുവാൻ ഞങ്ങൾക്കു സാധിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം എത്ര മനോഹരമാകുമായിരുന്നു.
ഞങ്ങളുടെ ഇഷ്ടങ്ങളേക്കാൾ മനോഹരങ്ങളായ ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ദൈവം പറയുന്നതുപോലെ ചെയ്യുവാൻ ഈശോയെ അങ്ങ് ഞങ്ങളെ സഹായിക്കണമേ.
ഞങ്ങളുടെ ഇഷ്ടമല്ല പിതാവേ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന പ്രാർത്ഥന ഞങ്ങൾ ഞങ്ങളുടെതുമാക്കി മാറ്റട്ടെ. ഊണിലും ഉറക്കത്തിലും കളിയിലും ചിരിയിലും സു:ഖത്തിലും ദു:ഖത്തിലുമെല്ലാം അങ്ങേയ്ക്കു ഞങ്ങളെകുറിച്ചൊരു പദ്ധതി ഉണ്ടെന്ന തിരിച്ചറിവോടെ ഞങ്ങൾ ജീവിക്കട്ടെ.
ഞങ്ങൾ ഈ ഭൂമിയിലായിരിക്കുന്നതു അങ്ങയുടെ ഹിതപ്രകാരമാണെന്നും ഞങ്ങളുടെ ജീവിതം അങ്ങയുടെ പദ്ധതിയാണെന്നും. മനസ്സിലാക്കി അങ്ങയോടു ചേർന്ന് ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്കു നല്കണമേ...
ദൈവത്തിന്റെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി മാറ്റിയ പരിശുദ്ധയമ്മേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ