നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. പ്രഭാത പ്രാർത്ഥന

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... കഷ്ടതയുടെ കാലങ്ങളിൽ ഞങ്ങളുടെ കോട്ടയും അഭയവുമായിരുന്നവനേ. ഈ പ്രഭാതത്തിലും ഞങ്ങളങ്ങയുടെ കാരുണ്യത്തെ ഉച്ചത്തിൽ പ്രകീർത്തിക്കുകയും അങ്ങയുടെ ശക്തിയെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ജീവിതത്തിൽ ചിലരുടെ സന്തോഷമാഗ്രഹിച്ചു കൊണ്ട് ചെയ്തു കൊടുത്ത പ്രവർത്തികളോ.
നന്മയ്ക്കു വേണ്ടി പരിചയപ്പെടുത്തിക്കൊടുത്ത മാർഗ്ഗനിർദേശങ്ങളോ പ്രതീക്ഷിക്കാത്ത തിരിച്ചടികളുണ്ടാക്കിയപ്പോഴും. അതുമൂലം അവരുടെ ജീവിതത്തിൽ നഷ്ടങ്ങളും മനപ്രയാസങ്ങളുമുണ്ടായപ്പോഴും ഞങ്ങൾ കാരണം ഇങ്ങനെയൊക്കെ സംഭവിച്ചു പോയല്ലോ എന്ന കുറ്റബോധത്തെക്കാളേറെ ഇതൊന്നും യാതൊരു വിപരീത ഉദ്ദേശത്തോടെയും ചെയ്തതല്ല എന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്താനാവാതെ വന്നപ്പോഴുണ്ടായ മാനസിക പീഡനമാണ് ഞങ്ങളെയേറെ തളർത്തിക്കളഞ്ഞത്.
ഈശോനാഥാ. ഞങ്ങളുടെ പ്രയാസങ്ങളെ മനസ്സിലാക്കുകയും ഞങ്ങളെ അശ്വസിപ്പിക്കുകയും ചെയ്യുന്നവനേ. ഞങ്ങൾക്കു ചുറ്റുമുള്ള സങ്കടങ്ങളുടെയും തെറ്റിദ്ധാരണകളുടെയും എരിയുന്ന തീച്ചൂളയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
ഞങ്ങളെ ശിരസ്സുയർത്തി നിർത്തുന്ന അങ്ങയുടെ സത്യത്തിന്റെ പ്രകാശത്തിൽ നിത്യവും നിലകൊള്ളാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ പുലർത്തുകയും അതുവഴി ഞങ്ങളുടെ പ്രയത്നങ്ങൾ ഫലമണിയാനും. അങ്ങയുടെ നാമം മഹത്വപ്പെടാനും വരമരുളുകയും ചെയ്യണമേ... നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ