പ്രഭാത പ്രാർത്ഥന.........നിന്റെ ജീവിതം മധ്യാഹ്‌നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ട് പ്രഭാതം പോലെയായിരിക്കും. ജോബ് 11 : 17
ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ അമ്മേ... മാതാവേ...
ജപമാല പ്രാർത്ഥന ഉരുവിടുന്ന നാവും. ജപമാല കോർത്തു പിടിക്കുന്ന കരങ്ങളും ഞങ്ങൾക്കെന്നും കോട്ടയും പരിചയും ആയിരിക്കുമെന്ന വിശ്വാസത്തിൽ ശരണപ്പെട്ട് അമ്മയുടെ തിരുപാദത്തിൽ ഞങ്ങളഭയം തേടുന്നു. വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്കയുടെ ജീവിതമാതൃക പോലെ വാക്കുകളില്ലാതെ തന്നെ പ്രഘോഷിക്കപ്പെടേണ്ട സുവിശേഷമാണ് ഞങ്ങളുടെയും ജീവിതമെങ്കിലും ലോകസുഖങ്ങളോടുള്ള തീവ്രമായ അഭിനിവേശത്താൽ പലപ്പോഴും ദൈവ തിരുമുൻപിൽ ഞങ്ങൾ നിസ്സഹായരായി തീരുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവിൽ ജീവിക്കുന്നവർ. ദാരിദ്ര്യവും. രോഗങ്ങളും. കഷ്ടപ്പാടുകളും എന്തെന്നു പോലുമറിയാത്തവർ.അങ്ങനെയുള്ളവരാണ് ഭാഗ്യം ചെയ്തവർ എന്നു വിശ്വസിക്കുന്ന ഞങ്ങൾക്ക് ഒരിക്കലും ദാരിദ്ര്യത്തെ സ്നേഹിക്കാനോ. എളിമയിൽ വിശുദ്ധീകരിക്കപ്പെടാനോ. സ്വയം ശൂന്യവത്കരിക്കപ്പെടാനോ സാധിക്കുകയുമില്ല.
അമ്മേ... മാതാവേ... ഞങ്ങൾ വിലപിക്കുന്ന ഞങ്ങളുടെ ജീവിതത്തകർച്ചകൾക്കുള്ള ഏക പ്രതിവിധി ഈശോ മാത്രമാണെന്ന് തിരിച്ചറിയാനും. ഞങ്ങളുടെ ദൈവമേ. ഞങ്ങളുടെ സർവ്വസ്വമേ. എന്നു ഹൃദയം കൊണ്ട് ഏറ്റു പറയാനും തക്കവിധമുള്ള തീഷ്ണമായ ദൈവസ്നേഹത്താൽ ഞങ്ങളെയും ഉരുക്കിവാർക്കുകയും. മഹോന്നതമായ ദൈവീക പ്രകാശത്താൽ ഞങ്ങളുടെ ആത്മാവിലെ അന്ധകാരമകറ്റുകയും ചെയ്യണമേ. അപ്പോൾ സന്ദേഹമുള്ളിടത്ത് വിശ്വാസവും. നിരാശയുള്ളിടത്ത് പ്രത്യാശയും. അന്ധകാരമുള്ളിടത്ത് പ്രകാശവും. സന്തപമുള്ളിടത്ത് സന്തോഷവും വിതയ്ക്കുന്ന സമാധാനത്തിന്റെ ഉപകരണമായി ഞങ്ങളും അങ്ങയിൽ പുനരർപ്പിക്കപ്പെടുക തന്നെ ചെയ്യും...
സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ