പ്രഭാത പ്രാർത്ഥന.........
കര്‍ത്താവ് തരുന്ന വിജയം നിങ്ങള്‍ കാണും. നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.
2 ദിനവൃത്താന്തം 20 : 17
ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...
ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളങ്ങയിൽ ശരണമർപ്പിച്ചിരിക്കുന്നു. അങ്ങ് ചെവി ചായിച്ച് ഞങ്ങളുടെ വാക്കുകൾ ശ്രവിക്കുകയും. അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോട് ദയ കാണിക്കുകയും ചെയ്യണമേ. ജീവിതത്തിൽ പലപ്പോഴും കഴിഞ്ഞു പോയ ഇന്നലെകളിലെ ദുഃഖങ്ങളും ദുരിതങ്ങളുമോർത്ത് വേവലാതിപ്പെട്ടും. നാളെ ഞങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നോർത്ത് ആകുലപ്പെട്ടും ഇന്നിന്റെ സന്തോഷങ്ങളെ ഞങ്ങൾ വെറുതെ നഷ്ടപ്പെടുത്തിക്കളയാറുണ്ട്. നിരവധിയായ നന്മകളാൽ ഓരോ നിമിഷവും ഞങ്ങൾ കാത്തുപരിപാലിക്കപ്പെട്ടിട്ടും. ദൈവകരങ്ങളാൽ വഴിനടത്തപ്പെട്ടിട്ടും കുറവുകളിലേക്കു മാത്രം നോക്കി ചിലപ്പോഴെങ്കിലും ഞങ്ങൾ നെടുവീർപ്പിടാറുമുണ്ട്.
ഈശോയേ... ഞങ്ങളുടെ ആത്മരക്ഷയ്ക്കായി വിനിയോഗിക്കേണ്ട വിലയേറിയ സമയത്തെ അനാവശ്യ ചിന്തകളാൽ നഷ്ടപ്പെടുത്താതെ. ഞങ്ങളിപ്പോൾ എന്തായിരുന്നാലും. എവിടെയായിരുന്നാലും അതെല്ലാം ദൈവകൃപയാലാണെന്ന് തിരിച്ചറിഞ്ഞ്. ഞങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കാൻ വരമേകണമേ. മരുഭൂമിയിലും ഞങ്ങൾക്കു സമൃദ്ധി നൽകുന്നവനായ അങ്ങയുടെ അനുഗ്രഹപ്രവാഹത്തിലേക്ക് തുറവിയോടെ മിഴിയും മനവും ഒരുക്കി വച്ച് എന്നും ചേർന്നിരിക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ