പ്രഭാത പ്രാർത്ഥന.........
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.

 
prayer

എഫേസോസ്‌ 2 : 8

ദൈവജനനീ... കൃപ നിറഞ്ഞ മാതാവേ...
അമ്മ മടിയിലിരുത്തി കുരിശു വരപ്പിച്ച സന്ധ്യകളും. ഞങ്ങളുടെ ഹൃദയങ്ങളെയും ഭവനങ്ങളെയും പ്രകാശപൂരിതമാക്കി ഏറെ സ്നേഹത്തോടെ ചൊല്ലി പഠിപ്പിച്ച  ജപമാല പ്രാർത്ഥനയും മാതാപിതാക്കൾ ഞങ്ങൾക്കു പകർന്നു നൽകിയ ജീവിതപുണ്യങ്ങളായിരുന്നു എന്ന വലിയ ബോധ്യമാണ് ഇന്നുമെന്നും ഞങ്ങളെ വഴിനടത്തുന്നതും. താങ്ങി നിർത്തുന്നതും. ജീവിതയാത്രയിൽ ചിലപ്പോഴൊക്കെ ഞങ്ങളുടെ പരാജയങ്ങൾ അത്ഭുതകരമായ വിജയങ്ങളായി മാറ്റപ്പെട്ടില്ലെങ്കിലും. സങ്കടങ്ങളുടെ വഴിയോരത്തെവിടെയും അൽപസന്തോഷങ്ങളാൽ പോലും ഞങ്ങൾ ആശ്വസിപ്പിക്കപ്പെട്ടില്ലെങ്കിലും. ഞങ്ങൾ നേരിട്ട അവഗണനകളൊന്നും പിന്നീടുള്ള പരിഗണനകളായി ഞങ്ങളെ കൂടെ കൂട്ടിയില്ലെങ്കിലും. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യത്തിന്റെ അത്ഭുതസാക്ഷ്യമായി എവിടെയും എഴുതപ്പെട്ടില്ലെങ്കിലും ജീവിതം ഇവിടെ അവസാനിച്ചു എന്നു ചിന്തിക്കാതെ ഞങ്ങൾ ഉയർത്തെഴുന്നേറ്റതും. പിടിച്ചു കയറിയതും. ഇന്നും നിലനിൽക്കുന്നതും നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ണുനീരോടെയും വിശ്വാസത്തോടെയും ഏറ്റുചൊല്ലി പ്രാർത്ഥിച്ച ജപമാല പ്രാർത്ഥനയിലൂടെ പകർന്നു കിട്ടിയ മനോബലവും ആത്മവിശ്വാസവും കൊണ്ടു തന്നെയാണ്.
അമ്മേ മാതാവേ... ഞങ്ങളുടെ പൂർണ സമർപ്പണത്തോടെയും വിശുദ്ധമായ പുണ്യസ്മരണകളോടെയും അമ്മയുടെ നീലകാപ്പയ്ക്കുള്ളിൽ എന്നും ആശ്രയം കണ്ടെത്താനും. വിളിച്ചാൽ വിളി കേൾക്കുന്നവളും. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവളുമായ അമ്മയുടെ സ്നേഹസംരക്ഷണത്തിന്റെ അവകാശികളാകാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ. അപ്പോൾ ആത്മാവിലുള്ള പ്രത്യാശയോടെ മറ്റുള്ളവരെ അമ്മ വഴി ഈശോയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന വഴി വിളക്കുകളായി ഞങ്ങളും പ്രശോഭിക്കുക തന്നെ ചെയ്യും... സ്വർഗ്ഗാരോപിത രാജ്ഞി...
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web