പ്രഭാത പ്രാർത്ഥന.........
പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 2
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
ഓരോ പ്രഭാതത്തിലും അങ്ങയുടെ കാരുണ്യത്തെ പ്രകീർത്തിക്കുന്ന സൃഷ്ടികളോടും സർവ്വചരാചരങ്ങളോടും ചേർന്ന് ഞങ്ങളും അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ അടിക്കടി അനർത്ഥങ്ങൾ ഉണ്ടായിട്ടും. ഒന്നു ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധം ദുർദിനങ്ങൾ ഞങ്ങളെ പിടികൂടിയിട്ടും. നഷ്ടങ്ങളുടെ ഉണങ്ങി വരണ്ട താഴ്‌വരയിൽ ഏകാന്തതയോടു പരിതപിക്കേണ്ടി വന്നിട്ടും ഉടഞ്ഞു പോകാതെ പിടിച്ചു നിൽക്കാനുള്ള ഞങ്ങളുടെ പരിശ്രമങ്ങളും. ദൈവാശ്രയബോധത്തോടു കൂടിയുള്ള ഞങ്ങളുടെ അക്ഷീണ പ്രയത്നങ്ങളും. ചിലപ്പോഴൊക്കെ എല്ലാം നഷ്ടപ്പെട്ടിട്ടും മുറുകെ പിടിച്ചിരിക്കുന്ന ഞങ്ങളുടെ അഹങ്കാരമായി ലോകദൃഷ്ടിയിൽ ദുർവ്യാഖാനം ചെയ്യപ്പെടാറുണ്ട്.
ഈശോയേ... ഞങ്ങളുടെ ആശ്രയവും സാങ്കേതവും എന്നും അങ്ങു മാത്രമാണല്ലോ നാഥാ... എല്ലാ പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള അനുഗ്രഹമേകി ഞങ്ങളെ നയിച്ചരുളേണമേ. ഈ ലോകത്തിന്റെ മുൻപിൽ ഭോഷന്മാരായി തരം താഴ്ത്തപ്പെട്ടാലും അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യരായി തീരാനും. അവിടുത്തെ കൃപാവരം കൊണ്ട് ആത്മവിശ്വാസത്തോടെ ഉന്നതിയിലേക്ക് ചിറകടിച്ചുയരാനും. എന്നും എപ്പോഴും ഞങ്ങൾക്ക് തുണയായിരിക്കുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളിൽ അലിവ് തോന്നണമേ... ആമേൻ