പ്രഭാത പ്രാർത്ഥന.........
കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ.
എഫേസോസ് 4 : 26
പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ഒരു പുതിയ പ്രഭാതം കൂടി കാണുവാനും അങ്ങയുടെ പരിപാലനയെ അനുഭവിച്ചറിയാനും ഞങ്ങളെ അനുവദിച്ച നല്ല ദൈവമേ. അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും. വിശ്വാസയോഗ്യവും തികച്ചും സ്വീകര്യവുമായ വചനത്തിൽ ആശ്രയിച്ചു കൊണ്ട് ജീവിതത്തെ നവീകരിച്ചാലും ചില അവസരങ്ങളിൽ ചിലരോടുള്ള ഞങ്ങളുടെ സമീപനത്തിൽ നിലമറന്നു പോവുകയും. അസഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യാറുണ്ട്. സത്യത്തിൽ ഞങ്ങളവരെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ ഞങ്ങളെന്താണ് പറയുന്നതെന്നോ. പ്രവർത്തിക്കുന്നതെന്നോ ഞങ്ങൾക്കു തന്നെയറിയാൻ കഴിയില്ല എന്നു സ്വയം വിലയിരുത്തുകയും വിലപിക്കുകയും ചെയ്യേണ്ടി വരുന്നിടത്തോളം കാലം ഞങ്ങളിലുള്ള സ്നേഹം ചിലപ്പോഴെങ്കിലും മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കൈത്താളമോ പോലെ നിഷ്പ്രയോജനകരമായി തീരാറുണ്ട്.
ഈശോയേ. ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തെ അങ്ങ് കഠിനമാക്കരുതേ. അവിടുത്തെ സ്നേഹത്തിലും കരുണയിലും. ആർദ്രമനോഭാവത്തിലും ഞങ്ങളേയും പൊതിഞ്ഞു പിടിക്കേണമേ. ചുറ്റുപാടുകളിൽ സ്നേഹവും സന്തോഷവും വിതയ്ക്കാനും. സഹജർക്കു വേണ്ടി മുറിയപ്പെടുന്ന ഒരു ബലിവസ്തുവായി തീരാനും ആത്മാവിൽ ഞങ്ങളെ സജ്ജരാക്കുകയും ചെയ്യണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ