പ്രഭാത പ്രാർത്ഥന.........
കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.
എഫേസോസ് 4 : 26
ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... പൂർണഹൃദയത്തോടെ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. അനുഗ്രഹഹീതമായ ഈ പുതിയ പ്രഭാതത്തിൽ പ്രാർത്ഥനയോടെ അങ്ങയെ തേടാനും അവിടുത്തെ സന്നിധിയിൽ അൽപ്പസമയം ചെലവഴിക്കാനും അനുവദിച്ച കാരുണ്യത്തിനു നന്ദി പറയുന്നു. ജീവിതത്തിൽ പലപ്പോഴും ഒന്നു താഴ്ന്നു കൊടുക്കാൻ അനുവദിക്കാത്ത ഞങ്ങളുടെ ദുരഭിമാനത്തിനു മുൻപിലോ. ഒന്നു ക്ഷമിക്കാൻ സാധിക്കാത്ത ഞങ്ങളുടെ പിടിവാശികളുടെ മുൻപിലോ സ്നേഹം കൊണ്ടു മുറിവേറ്റവർ ഞങ്ങൾക്കു ചുറ്റും വേദനിക്കുന്നത് കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് ജീവിതത്തിൽ ഞങ്ങൾ തനിച്ചായി പോയെന്നും. സ്നേഹിച്ചവരും വിശ്വസിച്ചവരുമെല്ലാം ഞങ്ങളെ തനിച്ചാക്കി അകന്നുപോയെന്നും ആത്മാവിൽ ഞങ്ങൾ വിലപിക്കുന്നത്.
കർത്താവേ... കരുണയോടെ അങ്ങു ഞങ്ങളെ കൈക്കൊള്ളണമേ. ഹൃദയബന്ധങ്ങളിൽ തെറ്റു പറ്റിയെന്നു പറയാൻ ഇടയാകാത്ത വിധം ഈ ഭൂമിയിലായിരിക്കുമ്പോൾ പരസ്പരസ്നേഹത്തിൽ വളരാനും. സ്വയം എളിമപ്പെടാനുമുള്ള കൃപ നൽകണമേ. ഹൃദ്യമായ വിശ്വാസത്താലും. കരുണ നിറഞ്ഞ പെരുമാറ്റത്താലും ജീവിതം മുഴുവൻ ഒരനുഗ്രഹമാക്കാൻ അങ്ങു തന്നെ ഞങ്ങൾക്കു സഹായമരുളുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ