പ്രഭാത പ്രാർത്ഥന.........നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ...
ഞങ്ങളുടെ അധരങ്ങൾ കൊണ്ടുള്ള സുവിശേഷപ്രഘോഷണത്തെക്കാൾ പ്രവൃത്തികൾ കൊണ്ട് സുവിശേഷമാകാനുള്ള കൃപയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു. ജീവിതത്തിൽ മുന്നേറണമെന്ന ആഗ്രഹമുണ്ടായിട്ടും. അതിനനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം കണ്ടെത്താതെ ചുറ്റുമുള്ളവരുടെ വിമർശനങ്ങളെയും വിലയിരുത്തലുകളെയും നേരിടാൻ ഭയന്ന്. ഒന്നും ചെയ്യാൻ മുന്നിട്ടിറങ്ങാതെ. എന്നും മറ്റുള്ളവരെ പിന്തുടരുന്നവർ മാത്രമായി ഞങ്ങൾ സ്വയം ചുരുങ്ങുമ്പോഴാണ് പലപ്പോഴും ജീവിതത്തിൽ ഞങ്ങൾ പരാജയപ്പെട്ടു പോകുന്നത്.
ഈശോയേ... അങ്ങ് ദാനമായി ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെയും. ദൈവകൃപകളെയും ഞങ്ങളുടെ അശ്രദ്ധയും അവഗണനയും കൊണ്ട് നഷ്ടപ്പെടുത്താൻ ഇടവരുത്തരുതേ. ഞങ്ങൾക്കു ചുറ്റും പ്രതിബന്ധങ്ങൾ പെരുകുമ്പോഴും. ആത്മാവിന്റെ പ്രതിരോധങ്ങൾ ദുർബലമാകുമ്പോഴും നിർഭയരായി അങ്ങയിൽ ആശ്രയിക്കാനും. ഞങ്ങളുടെ ജീവിതത്തെ പ്രത്യാശയുടെയും ആത്മധൈര്യത്തിന്റെയും സങ്കീർത്തനമാക്കി പകർത്തിയരുളാനും കൃപയേകണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ