പ്രഭാത പ്രാർത്ഥന.........ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. 1 പത്രോസ് 5 : 6
ഞങ്ങളുടെ ദൈവമായ നല്ല തമ്പുരാനെ... ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. ഈ ലോകത്തിലെ ജീവിതത്തിൽ അവിടുന്ന് ഞങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ നന്മകൾക്കും അവിടുത്തേയ്ക് നന്ദി പറയുന്നു. പിതാവേ അങ്ങയുടെ കരുതലിൽ ഞങ്ങളുടെ ജീവിതം സുരക്ഷിതമാണ്. എങ്കിലും നാഥാ ജീവിതത്തിലെ ചില നിമിഷങ്ങളിൽ ആകുലത ഞങ്ങളെ പിടികൂടുന്നു. നിരാശ ഞങ്ങളെ വേട്ടയാടുന്നു. കർത്താവേ ജീവിതത്തിൽ നിരാശകൾ കടന്നു വരുമ്പോൾ ഞങ്ങൾ അങ്ങയെ ഓർക്കുന്നു. ഈശോയെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതത്തെ മാതൃകയാക്കിക്കൊണ്ട് ജീവിക്കുവാൻ അവിടുന്ന് ഞങ്ങൾക്ക് കൃപ നൽകുകയും ചെയ്യണമേ. ഞങ്ങളുടെ നിലവിളി കേൾക്ക് എന്നും ഞങ്ങൾക്ക് ഉത്തരം അരുളുമെന്നും ഞങ്ങൾക്ക് അറിയാം. കർത്താവേ, ഞങ്ങളുടെ സ്വരം അവിടുന്ന് അറിയുന്നുവല്ലോ. ഞങ്ങളെ കാത്തു പരിപാലിക്കണമേ. മനുഷ്യജീവിതം വളരെ പെട്ടന്ന് കടന്നു പോകുന്ന ഒന്നാണെങ്കിലും ചിലപ്പോൾ എങ്കിലും ഈ ലോകത്തിൽ ജീവിക്കുമ്പോൾ അത് വളരെ ദൈർഘ്യം ഉള്ള ഒന്നായി തോന്നുന്നു. ജീവിതത്തിൽ വരുന്ന തകർച്ചകളെ ഓർത്തു, ഭാവിയെ ഓർത്തു വ്യാകുലപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു. കർത്താവേ അവരെ അനുഗ്രഹിക്കണമേ. ദൈവരാജ്യത്തിൽ ഉള്ള പ്രത്യാശയും ഈ ലോകത്തിന്റെ നശ്വരതയും മനസിലാക്കി ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ആശുപത്രിയിൽ ആയിരിക്കുന്ന മക്കളെ ഓർക്കുന്നു. കർത്താവേ അവിടുത്തെ സൗഖ്യവും, ആശ്വാസവും നൽകി അവരെ അനുഗ്രഹിക്കണമേ. ജോലി തേടുന്ന മക്കളെ ഓർക്കുന്നു. അന്നന്നത്തെ അപ്പത്തിന് വകയില്ലാതെ വിഷമിക്കുന്ന മക്കളെ ആശ്വസിപ്പിക്കണമേ. അവർക്ക് ഉപജീവന മാർഗ്ഗത്തിനു വഴി തുറന്നു കൊടുക്കണമേ. ലോകത്തിലെ നന്മകൾ സ്വീകരിച്ചു ജീവിക്കുവാൻ അവിടുത്തെ ദാസരെ അനുവദിക്കണമേ. പരിശുദ്ധ കന്യക മറിയമേ, ഞങ്ങളുടെ ജീവിതത്തെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. ഞങ്ങൾക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ദൈവ സന്നിധിയിൽ നിന്നും വാങ്ങി തരണമേ... സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ