പ്രഭാത പ്രാർത്ഥന.........
 നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കുക.
മത്തായി 22 : 37

 
prayer

സർവ്വ നന്മസ്വരൂപനായ ഞങ്ങളുടെ ദൈവമേ...
അനുഗ്രഹീതമായ ഈ പുതിയ പ്രഭാതത്തിനും. അളവില്ലാത്ത അങ്ങയുടെ കരുണയ്ക്കും. അവർണനീയമായ സ്നേഹത്തിനും നന്ദിയർപ്പിച്ചു കൊണ്ട് ഞങ്ങളവിടുത്തെ അരികിൽ അണയുന്നു. ജീവിതത്തിൽ പരാജയങ്ങൾ മാത്രം കൂടു കൂട്ടുമ്പോഴും. പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോഴും.നാളെയെക്കുറിച്ച് നിറമുള്ള ഒരു സ്വപ്നം പോലും കാണാൻ കഴിയാത്ത വിധം അരക്ഷിതത്വത്തിലാകുമ്പോഴും വീണു പോകാൻ അനുവദിക്കാതെ താങ്ങി നിർത്തുന്നവർ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. മുന്നോട്ടു പോകുന്നതിനാവശ്യമായ മാർഗ്ഗനിർദേശങ്ങളും. സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്തു കൂടെ നിൽക്കുന്നവർ. എന്നാൽ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതെ വരുമ്പോൾ അതുവരെ ചെയ്തു തന്ന സഹായങ്ങളുടെയും പങ്കു വച്ചു തന്ന ആശ്വാസങ്ങളുടെയും കണക്കുകൾ അക്കമിട്ടു നിരത്തി അവരും ഞങ്ങളെ പഴിക്കാൻ തുടങ്ങും. ആത്മാഭിമാനത്തിനു മുറിവേൽക്കുന്ന ആ നിമിഷം മുതൽ ആരുടെയും സഹായം സ്വീകരിക്കാതെ മരിച്ചാൽ മതിയായിരുന്നു എന്നു പോലും ഞങ്ങൾ ചിന്തിച്ചു തുടങ്ങും. ഞങ്ങളുടെ നല്ല
ഈശോയേ... മറ്റുള്ളവരുടെ വാക്കുകളിലും പ്രവൃത്തികളിലും ആശ്രയിച്ച് നിരാശരായി തീരാതെ ഞങ്ങൾ കടന്നു പോകുന്ന എല്ലാ അവസ്ഥകളും അവിടുത്തെ പദ്ധതിയുടെ ഭാഗമാണെന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തേണമേ.വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുന്ന മാർഗ്ഗനിർദേശങ്ങളായി പരിഗണിക്കാനും. മറ്റുള്ളവരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന എല്ലാ സങ്കടങ്ങളും അവിടുത്തെ കുരിശിനോടു ചേർത്തു വച്ച് സഹിക്കാനും പൊറുക്കാനും ഞങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ...
സഹനപുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ...  ആമേൻ

Tags

Share this story

From Around the Web