പ്രഭാത പ്രാർത്ഥന......... നഷ്‌ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.
ലൂക്കാ 19 : 106
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയേ...
വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും... സ്തുത്യർഹനും... ബലവാനും... അമർത്യനുമായ സ്നേഹനാഥാ... ഈ പ്രഭാതത്തിലും അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന ഒരായിരം നന്ദി. എത്ര വേണ്ടപ്പെട്ടവരായാലും ചിലരുടെ ഭവനങ്ങളിലേക്കു പോകാനോ. ചിലരുമായി സമയം ചിലവഴിക്കാനോ ഞങ്ങൾക്ക് വേണ്ടത്ര താല്പര്യമുണ്ടാവാറില്ല. ഞങ്ങളുടെ വരവിനു വേണ്ടി അവർ കാത്തിരിക്കാറില്ലെന്നതോ. ഞങ്ങളുടെ സന്ദർശനത്തിൽ അവർക്ക് വേണ്ടത്ര സന്തോഷമുണ്ടാവാറില്ല എന്നതോ അതിന്റെ കാരണങ്ങളായി ഞങ്ങൾ പറയാറുണ്ട്. എന്നാൽ മറ്റുള്ളവരുടെ പെരുമാറ്റത്തെയും. സ്വഭാവവിശേഷണങ്ങളെയും ഇത്ര സൂക്ഷ്മമായി വിലയിരുത്തുന്ന ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ സ്നേഹരാഹിത്യമോ. മന്ദഭക്തിയോ. നിസംഗതയോടെയുള്ള ബലിയർപ്പണമോ മൂലം വേണ്ടത്ര സന്തോഷമില്ലാതെയും.വൈമനസ്യത്തോടെയും ഞങ്ങളുടെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരുന്ന ദിവ്യകാരുണ്യനാഥനെ തിരിച്ചറിയുന്നേയില്ല.
ഈശോയേ... ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹമില്ലാതെയും.അത്യന്തം ആഹ്ലാദത്തോടെയുള്ള കാത്തിരിപ്പുകളില്ലാതെയും പലപ്പോഴും അലസഭാവത്തോടെ അങ്ങയെ സ്വീകരിച്ചു പോയതിനെയോർത്ത് മാപ്പു ചോദിക്കുന്നു. അങ്ങ് എന്റെ ഹൃദയത്തിൽ എഴുന്നെള്ളുവാനുള്ള യോഗ്യത എന്നിലില്ലെങ്കിലും. യോഗ്യതയോടെയുള്ള സ്വീകരണത്താൽ അങ്ങയുടെ പരിശുദ്ധാലയമായി ഒരുനാളും ഞാനങ്ങയിൽ പണിതുയർത്തപ്പെട്ടിട്ടില്ലെങ്കിലും. പാപികളായ ഞങ്ങളുടെ ഹൃദയത്തെ എന്നും അങ്ങയുടെ ഹൃദയത്തിന് അനുരൂപമാക്കിയരുളുവാൻ കനിവുണ്ടാകേണമേ.അപ്പോൾ അങ്ങയുടെ നിരന്തരസാനിധ്യത്താൽ ഞങ്ങളും വിശുദ്ധീകരിക്കപ്പെടുകയും. ആത്മാവിനാൽ നവീകരിക്കപ്പെടുകയും. ജീവിതത്തിൽ അനുദിനം ശക്തരാകുകയും ചെയ്യും...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.... ആമേൻ