പ്രഭാത പ്രാർത്ഥന.........നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ്‌ അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ്‌ നിനക്കു തരുന്ന ദേശത്ത്‌ അവിടുന്നു നിന്നെ അനുഗ്രഹിക്കും

 
prayer

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജീവിതത്തിലെ ചില പരീക്ഷണകാലങ്ങളിൽ ചിലപ്പോഴെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ടവർ കാരണം വ്യക്തമാക്കാതെ ഞങ്ങളിൽ നിന്നും ഒരകലം സൂക്ഷിക്കാറുണ്ട്. ആരും ഒപ്പമില്ലെങ്കിലും എല്ലാറ്റിനെയും അതിജീവിച്ചു ഞങ്ങൾ ജീവിതത്തെ നേടിയെടുക്കുക തന്നെ ചെയ്തു എന്ന ഒരിത്തിരി അഹങ്കാരത്തോടെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ  മുന്നിലേക്ക് വിജയിയുടെ മനോഭാവത്തോടെ കടന്നു ചെല്ലുമ്പോഴാവും ഞങ്ങൾക്ക് മനസ്സിലാവുക. വാശി കൊണ്ടു നേടിയെടുക്കേണ്ട ചില ജീവിതസത്യങ്ങളെ പരിശീലിപ്പിച്ചെടുക്കാൻ അവർ നിസംഗത കൊണ്ട് ഞങ്ങളിലേക്കുള്ള വഴിയൊരുക്കുകയായിരുന്നുവെന്ന്.
 ഈശോയേ... പലപ്പോഴും പ്രാർത്ഥന കേൾക്കാത്ത ദൈവമെന്നും. കണ്ണുനീരു കാണാത്ത ദൈവമെന്നുമൊക്കെ ഞങ്ങൾ മനം നൊന്തു കുറ്റപ്പെടുത്തുമ്പോഴും. തള്ളിപ്പറഞ്ഞകലുമ്പോഴും നീ നിസംഗത നടിച്ചിരുന്നത് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെയും. അവകാശത്തോടെയും അങ്ങിൽ നിന്നും ചോദിച്ചു വാങ്ങിയെടുക്കേണ്ട അനുഗ്രഹങ്ങളെ ഞങ്ങൾ യാചിച്ചു നേടിയെടുക്കാൻ ശ്രമിച്ചതു കൊണ്ടാണെന്നു തിരിച്ചറിയാൻ വൈകിപ്പോയല്ലോ നാഥാ... ജീവിതത്തിൽ തോറ്റുപോയവരുടെ സാദൃശ്യം സ്വീകരിച്ച് അങ്ങിൽ നിന്നും അകന്നു മാറി നിൽക്കാതെ. ദൈവീകസന്തോഷങ്ങളെ അവകാശത്തോടെ സ്വന്തമാക്കിയ ദൈവമക്കളുടെ വിജയത്തിളക്കത്താൽ മുദ്രിതരാകാൻ ഞങ്ങളെ ഇനിയുമേറെ അനുഗ്രഹിച്ചരുളേണമേ... വിശുദ്ധ അൽഫോൻസമ്മേ...ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web