പ്രഭാത പ്രാർത്ഥന.........
മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 23 : 4
രക്ഷകനായ ഞങ്ങളുടെ നല്ല ദൈവമേ...
ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനേ. അവിടുന്ന് പരിശുദ്ധനാണെന്ന് ആത്മാവിൽ ഉത്ഘോഷിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ അരികിൽ അണയുന്നു. അങ്ങയുടെ ജനത്തിന്റെ മേൽ പതിക്കുന്ന എല്ലാ അപമാനങ്ങളെയും നിന്ദനങ്ങളെയും അവിടുന്ന് ഏറ്റെടുക്കുമെന്ന വലിയ വിശ്വാസത്തോടെ മറ്റാരോടും പങ്കുവയ്ക്കാനാവാത്ത ഹൃദയഭാരങ്ങളെ പൂർണമായും ഞങ്ങളവിടുത്തെ മുൻപിൽ ഇറക്കിവയ്ക്കുന്നു. ജീവിതത്തിൽ ഒന്നിനു പിറകേ ഒന്നായി തകർച്ചകൾ നേരിടുമ്പോഴും. ഒന്നു പിടിച്ചു നിൽക്കാനാഗ്രഹിച്ചു തുടങ്ങിവച്ച പല ഉപജീവനമാർഗങ്ങളും പകുതി വഴിയിൽ നിലച്ചു പോയപ്പോഴും. ദൈവത്തിലാശ്രയിച്ചിട്ടും ഞങ്ങൾക്കു വന്നു ചേർന്ന പരാജയങ്ങളിൽ ദൈവഹിതം തിരിച്ചറിയാനാവാതെ ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ വിശ്വാസരാഹിത്യത്തിലേക്കും ദുർചിന്തകളിലേക്കും ഞങ്ങളും വീണു പോകുന്നു.
ഞങ്ങളുടെ ഈശോയേ. ഞങ്ങളുടെ വേദനകളിലും തകർച്ചകളിലും ഞങ്ങളെ തനിച്ചാക്കി അങ്ങ് അകന്നു പോകരുതേ. മനോധൈര്യം അസ്തമിച്ച് ഞങ്ങൾ ഇനിയുമേറെ തളർന്നു പോകാതിരിക്കാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ പുലർത്തുകയും. ഭയത്തിനും നിരാശയ്ക്കും അടിമപ്പെടാതെ ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളെയും ഫലമണിയിക്കുന്ന അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനയിൽ നിരന്തരം ആശ്രയിക്കാൻ സഹായമരുളുകയും ചെയ്യണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ