പ്രഭാത പ്രാർത്ഥന.........
അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും

 
prayer


അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 14

രക്ഷകനായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ഉണ്ടാകുവാനും, സത്കൃത്യങ്ങൾ ചെയ്യുന്നതിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ധാരാളമായി നൽകാൻ കഴിവുള്ളവനുമായ അങ്ങയിൽ ശരണമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രതീക്ഷകളാണ് ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ വിശ്വാസം പോലും നഷ്ടപ്പെട്ട് ഞങ്ങൾ വല്ലാതെ നിരാശരായി തീരാറുണ്ട്. ഞങ്ങൾ സ്വപ്നം കണ്ട ജീവിതം, ഞങ്ങളാഗ്രഹിച്ച ജോലി, ഞങ്ങളുടെ മനസ്സിനിണങ്ങിയ ജീവിതപങ്കാളി. അതൊരിക്കലും ഇങ്ങനെയൊന്നുമായിരുന്നില്ല. ഒന്നും നേടിയെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. എല്ലാം ഞങ്ങളിൽ തന്നെ അവസാനിച്ചു എന്ന പരാതിയോടെ, പലപ്പോഴും ദൈവത്തിലും. ഞങ്ങളിലും ആത്മവിശ്വാസമില്ലാതെ ശേഷിച്ച ജീവിതം ജീവിച്ചു തീർക്കാൻ ഞങ്ങൾ പരിശ്രമിക്കും.
ഈശോയേ... ഞങ്ങളുടെ അവസ്ഥയിതാണ്. ഞങ്ങൾ വീണ്ടും വീണ്ടും വീണു പോകുന്നു എന്നു വിലപിക്കേണ്ടി വരുന്ന കുന്നോളമുള്ള ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങൾക്കു തുണയായി അങ്ങ് ഉണ്ടാകേണമേ. ഞങ്ങളുടെ ആത്മാവിനെ മുഷിപ്പിക്കുന്നവയിലേക്ക് വീണ്ടും പിന്തിരിഞ്ഞു നോക്കാനിട വരുത്താതെ ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തേണമേ.അപ്പോൾ മുന്നിലും പിന്നിലും ഞങ്ങളെ അനുഗമിക്കുന്നവൻ മാത്രമാകാതെ ഞങ്ങളുടെ ചാരെ. ഞങ്ങളോടൊപ്പം ചേർന്നു നടക്കുന്ന വിശ്വാസ വെളിച്ചമായി അങ്ങ് ഞങ്ങളുടെ വഴി തെളിച്ചരുളുക തന്നെ ചെയ്യും...
വിശുദ്ധ അൽ ഫോൻസമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web