പ്രഭാത പ്രാർത്ഥന.........
നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്; നിങ്ങള്ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി
പരമ കാരുണ്യവാനായ ഞങ്ങളുടെ ദൈവമേ...
അങ്ങാണ് ഞങ്ങളുടെ രക്ഷാകവചവും ശക്തിയും ബലവും എന്ന് ആത്മാവിൽ ഉത്ഘോഷിച്ചു കൊണ്ട് ഈ പ്രഭാതത്തിലും അത്യധികം ഉണർവോടെ ഞങ്ങളങ്ങയെ ആരാധിക്കുന്നു. സഹജീവികളുടെ ജീവനും ജീവിതത്തിനുമൊന്നും യാതൊരു മാനുഷിക പരിഗണനയും നൽകാത്ത ഒരു സാമൂഹിക ചുറ്റുപാടിലാണ് ഞങ്ങളിന്നു ജീവിക്കുന്നത്. തങ്ങളുടെ സുഖത്തിനും സന്തോഷത്തിനും സ്വാർത്ഥതാല്പര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ അതി ക്രൂരമായി ഉപദ്രവിച്ചും. അവരുടെ ജീവനെ യാതൊരു ദയയുമില്ലാതെ നശിപ്പിച്ചും കുറ്റവാളികളായി പിടിക്കപ്പെട്ടിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കുന്നവർ ഇന്നും ഞങ്ങൾക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ച് കേൾക്കുമ്പോൾ മറ്റെല്ലാവരെയും പോലെ വിദ്വേഷവും പകയും രോഷപ്രകടനവുമൊക്കെയായി ഞങ്ങളും അവരെ വിധിക്കാൻ മുന്നിട്ടിറങ്ങും. ഏറ്റവും ക്രൂരമായ വേദനകളിലൂടെ അവരും കടന്നു പോകണമെന്നും. അതികഠിനമായി തന്നെ ശിക്ഷിക്കപ്പെടണമെന്നുമൊക്കെ മനസ്സിലെങ്കിലും അവരെക്കുറിച്ച് ഞങ്ങൾ ആഗ്രഹിക്കുമ്പോൾ ആരോഗ്യമുള്ളവരെക്കാളധികമായി പാപത്താൽ മുറിവേൽക്കപ്പെട്ടവർക്ക് ഞങ്ങളുടെ പ്രാർത്ഥനയുടെ സുഗന്ധതൈലം ആവശ്യമുണ്ടെന്ന ബോധ്യം പലപ്പോഴും ഞങ്ങൾ വിസ്മരിക്കുന്നു.
ഈശോയേ... പാപികളിൽ ഒന്നാമരാണ് ഞങ്ങൾ. എങ്കിലും മറ്റുള്ളവരുടെ പാപസാഹചര്യങ്ങളെ വിലയിരുത്തി എല്ലാവരോടുമൊപ്പം ചേർന്ന് ആരെയും വിധിക്കാതെ എല്ലാവരുടെയും മനസാന്തരത്തിനായി ആഗ്രഹിച്ചു പ്രാർത്ഥിക്കാൻ ആത്മാവിൽ ഞങ്ങളെ ഒരുക്കേണമേ. ഞങ്ങളുടെ മേന്മകളാലല്ല. കുരിശിൽ അങ്ങു ബലിയണച്ച തിരുശരീരരക്തങ്ങളുടെ പുണ്യയോഗ്യതകളാൽ അവരെയും വീണ്ടെടുക്കാൻ കനിവുണ്ടാകേണമേ.അപ്പോൾ അനുതപിക്കുന്ന പാപിയെക്കുറിച്ചോർത്ത് സന്തോഷിക്കുന്ന സ്വർഗം. ഞങ്ങളുടെ എളിയ പ്രാർത്ഥനകളെയും വിലമതിക്കുകയും. കരുണാമയ സ്നേഹത്താൽ അവിടുത്തെ ഹൃദയമിടത്തിൽ ഞങ്ങളെയും ചേർത്തു വയ്ക്കുകയും ചെയ്യും... നീതിമാനയ യൗസേപ്പിതവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ