പ്രഭാത പ്രാർത്ഥന.........
നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല. ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.
ജറെമിയ 29 : 11
സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ...
ആത്മാവിൽ നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ ഈ പ്രഭാതത്തിലും ഇടവിടാതെ ഞങ്ങൾ ഉത്ഘോഷിക്കുന്നു. ആയിരുന്നവനും. ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും. സർവ്വശക്തനും. ദൈവവുമായ കർത്താവ് പരിശുദ്ധൻ. പരിശുദ്ധൻ. പരിശുദ്ധൻ. ജീവിതത്തിൽ ചിലപ്പോഴെങ്കിലും കൈയ്യിലുള്ള താലന്തുകൾ വേണ്ടവിധം ഉപയോഗിക്കാതെ ഉള്ളതു പോലും നഷ്ടപ്പെടുത്തിയ അവിശ്വസ്തനായ കാര്യസ്ഥനെ പോലെയാണ് ഞങ്ങളും. അനുവദിച്ചു കിട്ടിയ സമയം മുഴുവൻ ദുർവിനിയോഗം ചെയ്തിട്ടും പരീക്ഷയിൽ വിജയിക്കാതിരുന്നതിന് ദൈവത്തെ പഴി പറയുന്ന കുട്ടിയെ പോലെ പെരുമാറിയും. വേണ്ടത്ര കഴിവും യോഗ്യതയുമുണ്ടായിട്ടും അവയൊന്നും ജീവിതത്തിന്റെ ഉന്നമനത്തിനു വേണ്ടിയുപയോഗിക്കാതെ പരിതാപകരമായ തന്റെ ജീവിതാവസ്ഥയ്ക്കു കാരണം നിർഭാഗ്യമാണെന്ന് ന്യായം പറയുന്നവരെ പോലെയും. ചുറ്റുമുള്ള അവസരങ്ങളെ നഷ്ടപ്പെടുത്തുമ്പോൾ പ്രയോജനമില്ലാത്ത ഞങ്ങളുടെ കഴിവും പ്രവൃത്തികളും. അന്ധകാരത്തിലേക്ക് തള്ളിയകറ്റപ്പെടുമെന്ന സത്യം പലപ്പോഴും ഞങ്ങൾ വിസ്മരിക്കുന്നു.
ഈശോയേ... അസാധ്യങ്ങളുടെ മുൻപിൽ നിസംഗതയോടെ മുട്ടുമടക്കാതെ എല്ലാം സാധ്യമാക്കുന്നവനിൽ വിശ്വാസമർപ്പിച്ചു കൊണ്ട് പ്രത്യാശയോടെ ഉചിതമായി പ്രവർത്തിക്കാൻ ഞങ്ങളെ സജ്ജരാക്കേണമേ. അപ്പോൾ മാനുഷികമായ ബലഹീനതകളാലും. ദൗർബല്യങ്ങളാലും അവിശ്വസ്തരായലയാതെ അവിടുത്തെ ദയാവായ്പ്പിനാൽ അർഹതയുള്ള അനുഗ്രഹങ്ങൾ സ്വന്തമാക്കി ഞങ്ങളും ലെബനോന്റെ പരിമളം വഹിക്കുന്നവരെ പോലെയാകും... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ