പ്രഭാത പ്രാർത്ഥന.........എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തിൽ നിന്നു ഞാൻ നിലവിളിച്ചു. അവിടുന്ന് എന്റെ നിലവിളി കേട്ടു
കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും ഏറ്റവുമധികം മനോശരണത്തോടെ ഞങ്ങൾ അങ്ങേപ്പക്കൽ ഓടിയണയുന്നു. ഇന്നേ ദിവസം ഞങ്ങൾക്കാവശ്യമായ ധൈര്യവും പ്രത്യാശയുമേകി അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളേണമേ. ജീവിതത്തിൽ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാഠിന്യമേറുമ്പോഴും. പ്രതികൂല സാഹചര്യങ്ങളും പ്രകൃതിദുരന്തങ്ങളും ഞങ്ങളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കുമ്പോഴും അസ്വസ്ഥചിത്തരാകാതെ അവിടുത്തെ സർവ്വശക്തമായ കരങ്ങളിൽ അഭയം തേടാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങറിയാതെ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കില്ലെന്നും. ഞങ്ങളെ നഷ്ടപ്പെടുത്തുന്ന യാതൊന്നും അങ്ങു ഞങ്ങളുടെ ജീവിതത്തിൽ അനുവദിക്കില്ലെന്നും ഞങ്ങളറിയുന്നു. പ്രയാസങ്ങളിലും കഷ്ടതകളിലും അവിടുത്തെ സാനിധ്യവും പരിപാലനയും അനുഭവിച്ചറിയാൻ ഞങ്ങൾക്കിടയാക്കണമേ.എല്ലാ നിരാശകൾക്കും ആശങ്കകൾക്കും ഉപരിയായി അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ വലയം ചെയ്യണമേ. അവിടുത്തെ സമാധാനത്തിന്റെയും. അങ്ങയിലുള്ള പ്രത്യാശയുടെയും നിറവിൽ ദിനം തോറും സംരക്ഷിക്കപ്പെടാനുള്ള കൃപ ചൊരിഞ്ഞു ഞങ്ങളെ അങ്ങയുടെ സ്വന്തമാക്കി തീർക്കുകയും ചെയ്യണമേ...
വിശുദ്ധ ജോൺ മരിയ വിയാനി... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ