പ്രഭാത പ്രാർത്ഥന.........
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും.
യോഹന്നാന്‍ 6 : 51
നീതിസൂര്യനായ ഞങ്ങളുടെ നല്ല ഈശോയേ...
ദൈവീക സ്നേഹത്തിന്റെ ദിവ്യരശ്മികൾ കൊണ്ട് ഞങ്ങളുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടാനും. അങ്ങയോടുള്ള സ്നേഹത്താൽ അനുനിമിഷം കത്തിയെരിയാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ ബലിപീഠത്തിൻ കീഴിൽ താഴ്മയോടെ ഇരിക്കുന്നു. ഭക്തിയോട് കൂടെ ഈ ബലി സ്വീകരിക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും തകരാറുകളും ഞങ്ങളുടെ കൂടെയുള്ളവരുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ് എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളിലേറെയും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെട്ടതും. ഞങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ വന്നു ചേർന്നതും. എവിടെയും എത്തിപ്പെടാതെ ഞങ്ങളുടെ ജീവിതം ഇന്നും മറ്റുള്ളവർക്കു മുന്നിൽ പരിഹാസ്യമായി തീർന്നതും അങ്ങ് കാരണമാണ്. എന്ന് ഓരോ നിമിഷവും കൂടെയുള്ളവരെ കുറ്റപ്പെടുത്തി. അവരെ മാനസികമായി തളർത്തി സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളിലൂടെ വന്നു പോയ വീഴ്ചകളെ തിരയാൻ ഞങ്ങൾ ശ്രമിക്കാറില്ല. അങ്ങനെ ഒരുനിമിഷം ചിന്തിക്കാനുള്ള ക്ഷമ പോലും കാണിക്കാറുമില്ല.
ഈശോയേ... മറ്റുള്ളവരുടെ മുൻപിൽ സ്വയം വിലമതിക്കപ്പെടാനാഗ്രഹിക്കുന്ന ദുരാശയിൽ നിന്നും ഞങ്ങൾ വിമുക്തരാക്കപ്പെടാനും. കരുണയും സ്നേഹവും നിറഞ്ഞ മാനുഷികഭാവത്തെ ഉള്ളിലുറപ്പിക്കാനും ഞങ്ങളെ സഹായിക്കേണമേ. അപ്പോൾ ആത്മാവിന്റെ ഫലങ്ങളായ സ്നേഹവും സമാധാനവും സന്തോഷവും ഞങ്ങളുടെ ഹൃദയബന്ധങ്ങളിലും പ്രവർത്തന പുണ്യവരങ്ങളായി പ്രശോഭിക്കുക തന്നെ ചെയ്യും... പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ