പ്രഭാത പ്രാർത്ഥന.........
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
യോഹന്നാന്‍ 8 : 12
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങളുടെ സഹനങ്ങളെയും സന്തോഷങ്ങളെയും പൂർണമായി അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു കൊണ്ട് സ്തുതിയുടെയും നന്ദിയുടെയും ആത്മീയഹാരവുമായി ഈ പ്രഭാതത്തിലും ഞങ്ങളങ്ങയെ സമീപിക്കുന്നു. ദൈവം അറിയാതെയും അനുവദിക്കാതെയും ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ചില വെട്ടിയൊരുക്കലുകളിൽ ചിലപ്പോഴെങ്കിലും ഞങ്ങൾ അടിപതറി പോകാറുണ്ട്. ചിലരിലേക്കു മാത്രമായി ഒതുങ്ങിപ്പോയ ഞങ്ങളുടെ സന്തോഷങ്ങളുടെ മേൽ അവഗണനയുടെ കരിനിഴൽ വീഴുമ്പോൾ. ചിലതിലേക്കു മാത്രമായി ചുരുങ്ങിപ്പോയ ഞങ്ങളുടെ പ്രവർത്തന മികവുകളിൽ പരാജയത്തിന്റെ കൈവിരൽ പതിയുമ്പോൾ. ചുറ്റുമുള്ള പരിമിതികളിലേക്കു മാത്രമായി ഒതുങ്ങി പോയ ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിരാശയുടെ കാർമേഘത്താൽ മൂടപ്പെടുമ്പോൾ. നന്നായി വളർന്നു ഫലം ചൂടുന്ന മുന്തിരിവള്ളി പോലെ പടർന്നുയരാൻ ദൈവം ഞങ്ങളുടെ ജീവിതത്തിലേക്കനുവദിച്ചു നൽകിയ ചില വെട്ടിയൊരുക്കലുകളായിരുന്നു അവയെന്ന് തിരിച്ചറിയാതെ ഞങ്ങളുടെ വിശ്വാസത്തിന്റെ വേരാഴങ്ങൾ ചിലപ്പോഴെങ്കിലും ഞങ്ങളിൽ തന്നെ കരിഞ്ഞു തുടങ്ങിയിട്ടുണ്ടാവും.
ഈശോയേ... ഏറ്റവും ഉത്കൃഷ്‌ടമായവ മാത്രം ഞങ്ങൾക്കു നൽകാൻ സ്നേഹത്തോടെ കാത്തിരിക്കുന്ന അങ്ങയുടെ പൈതൃകപരിപാലനയെ തിരിച്ചറിയാൻ ഞങ്ങൾക്കു കാഴ്ച്ച വീണ്ടു നൽകണമേ നാഥാ. ഞങ്ങൾക്കു വേണ്ടിയുള്ള നല്ല നിക്ഷേപങ്ങൾ ഞങ്ങളുടെ നിഷേധങ്ങൾ മൂലം നീങ്ങിപ്പോകാതിരിക്കാൻ തക്കവിധം ഞങ്ങളുടെ വിശ്വാസത്തെ നിരന്തരം പ്രത്യാശയിൽ ഉറപ്പിക്കുകയും. സമ്പൂർണമായ അനുഗ്രഹങ്ങളാൽ സമൃദ്ധമായി ഫലമണിയാൻ ആത്മാവിൽ ഞങ്ങളെ പരിപാലിച്ചു വളർത്തുകയും ചെയ്യണമേ... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ