പ്രഭാത പ്രാർത്ഥന.........
കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്‌ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.
സഭാപ്രസംഗകന്‍ 11 : 4

 
PRAYER

ഞങ്ങളുടെ സ്രഷ്ടാവും രക്ഷകനുമായ നല്ല ദൈവമേ... വരണ്ടുണങ്ങിയ ഞങ്ങളുടെ മനസ്സുകളിലേക്കും ജീവിതത്തിലേക്കും പ്രസാദവരത്തിന്റെ നീർച്ചാലുകൾ ഒഴുക്കപ്പെടാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളങ്ങയെ തേടുന്നു. പലപ്പോഴും അത്രയേറെ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തു പിടിച്ചിരിക്കുന്ന ബന്ധങ്ങളെയും, താല്പര്യങ്ങളെയും. നഷ്ടപ്പെടുത്തേണ്ടി വരുമ്പോഴാണ് ദൈവവുമായുള്ള ഹൃദയബന്ധം ഞങ്ങൾക്ക് അന്യമായി തീരുന്നത്. ഞാൻ മുടങ്ങാതെ പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യാം. പക്ഷേ അവിടുത്തേക്ക് അഹിതമായിട്ടുള്ളതാണെങ്കിലും ഞങ്ങളുടെ ആഗ്രഹം നിവർത്തിയാകുക തന്നെ വേണം എന്ന പിടിവാശിയോടെയും. വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടും തോറും ഞെരുക്കപ്പെടുന്ന ഞങ്ങളുടെ സന്തോഷങ്ങളെക്കുറിച്ചുള്ള അസ്വസ്ഥതയോടെയും. ഞങ്ങൾ അങ്ങിൽ നിന്നും പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുന്നു. ഈശോയേ ബലഹീനരായ മനുഷ്യരാണ് ഞങ്ങൾ. സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി അങ്ങയുടെ സ്നേഹത്തിൽ നിന്നും അകന്നു പോവുകയും അങ്ങയുടെ കരുണയെ ആശ്രയിക്കാൻ മറന്നു പോവുകയും ചെയ്യുന്നവർ. ഞങ്ങളുടെ ദുർവാശികളാലും അഹങ്കാരത്താലും ഞങ്ങളിൽ നിന്നും മറയ്ക്കപ്പെടുന്ന യഥാർത്ഥമായ ദൈവീക സന്തോഷത്തെ തിരിച്ചറിയാനുള്ള വിവേകം നൽകണമേ. അപ്പോൾ ഞങ്ങളിലുള്ള അജ്ഞാനത്തിന്റെ ഇരുൾമറ നീക്കപ്പെടുകയും. നിർമ്മലഭാവത്തോട് അനുരൂപരായി തീരുന്ന ഞങ്ങളുടെ ഓരോ ഹൃദയമിടിപ്പുകളും അങ്ങേക്കുവേണ്ടിയുള്ളതാവുകയും ചെയ്യും. നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web