പ്രഭാത പ്രാർത്ഥന.........
പച്ചയായ പുല്‍ത്തകിടിയില്‍അവിടുന്ന് എനിക്കു വിശ്രമമരുളുന്നു
പ്രശാന്തമായ ജലാശയത്തിലേക്ക്‌അവിടുന്ന് എന്നെ നയിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 2
സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും ഏറ്റവുമധികം സ്നേഹത്തോടെയും മനോശരണത്തോടെയും ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. പ്രാർത്ഥിക്കുന്നു. തണലായും തണുപ്പായും എപ്പോഴും അങ്ങു ഞങ്ങളോടു കൂടെയുണ്ടായിരിക്കണമേ.ജീവിതത്തിൽ മറ്റാരോടും പങ്കുവയ്ക്കാനാവാത്ത ചില സങ്കടങ്ങളെയും മാനസിക പിരിമുറുക്കങ്ങളെയും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വരുമ്പോഴും. ഇത്രത്തോളം സഹിക്കാതെയും ക്ഷമിക്കാതെയും എല്ലാം ഇട്ടെറിഞ്ഞു പോകാൻ തോന്നിപ്പിക്കുന്ന ചില ജീവിതസാഹചര്യങ്ങളുടെ മുൻപിൽ ഒറ്റപ്പെട്ടു ഞങ്ങൾ തീർത്തും നിസ്സഹായരായി പോകുമ്പോഴും തനിച്ചായിപ്പോയി എന്നൊരു തോന്നലിലാണ് പലപ്പോഴും ഞങ്ങളുടെ എല്ലാ വിശ്വാസവും അസ്തമിച്ചു പോകുന്നത്. കർത്താവേ... ഞങ്ങളുടേതായ ഹൃദയഭാരങ്ങൾക്കൊപ്പം അകന്നു മാറി സഞ്ചരിക്കാതെ ഒരമ്മയുടെ കൈകളിലേക്ക് ഓടിയണയുന്ന കുഞ്ഞിനെ പോലെ ഞങ്ങളെ പൂർണമായി അവിടുത്തെ കരങ്ങളിൽ സമർപ്പിക്കാൻ കൃപയേകണേ. ഞങ്ങളുടെ എല്ലാ സഹനങ്ങൾക്കുമപ്പുറം അവിടുത്തെ സ്നേഹവും തുണയും ഞങ്ങളെ അനുഗമിക്കണേ. അങ്ങു കൂടെയുണ്ടെന്ന ആശ്വാസത്തിലും അങ്ങയുടെ കരങ്ങളിലൂടെയാണ് ഞങ്ങൾ നടക്കുന്നതെന്ന വിശ്വാസത്തിലും ജീവിക്കുന്നവരായിരിക്കാൻ എപ്പോഴും അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ