പ്രഭാത പ്രാർത്ഥന.........
നന്‍മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്
ഹെബ്രായര്‍ 13 : 16
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഓരോ പ്രഭാതത്തിലും അവിടുത്തെ അളവറ്റ കാരുണ്യത്തിലും സ്നേഹത്തിലും ഞങ്ങളെ കാത്തു പരിപാലിക്കുന്ന വൻകൃപയോർത്തു നന്ദി പറയുന്നു. ഞങ്ങളുടെയൊക്കെ ജീവിതത്തിൽ പറയാതെ തന്നെ ഞങ്ങളെ അറിയുന്നവരാണെന്നും ഞങ്ങളുടെ സങ്കടങ്ങളെയും സന്തോഷങ്ങളെയും പകുത്തെടുക്കുന്നവരാണെന്നുമൊക്കെയുള്ള വിശ്വാസത്തോടെ കൂടെ കൊണ്ടു നടന്നും കൂട്ടു ചേർന്നുമിരിക്കുന്ന ചിലരുണ്ട്. എന്നാൽ ചില മനസ്സറിയാത്ത കാര്യങ്ങളിൽ നേരറിയാതെയും ഞങ്ങളെ ഒട്ടും മനസ്സിലാക്കാതെയുമുള്ള പെരുമാറ്റങ്ങളും അവഗണനയും അകൽച്ചയുമൊക്കെ കൊണ്ട് അത്രമേൽ ആഴത്തിൽ ഞങ്ങളെ തളർത്തിക്കളയുന്നവർ.ഈശോയേ... കനിവോടെ അങ്ങു ഞങ്ങളോട് ചേർന്നിരിക്കണമേ. ഞങ്ങളുടെ ഉരുകുന്ന മനസ്സും ഇടറുന്ന മൊഴികളും അങ്ങേയ്ക്കു മാത്രമാണല്ലോ അറിയുന്നത്. അവിടുത്തെ അനുകമ്പാർദ്രമായ സ്നേഹത്തിൽ ഞങ്ങളെ താങ്ങണമേ. എവിടെ ഞങ്ങൾ തളർന്നു വീണു പോയെന്നു തോന്നിയോ അവിടെ നിന്നും അങ്ങയിൽ ആശ്രയിച്ചു കൊണ്ട് ശക്തി പ്രാപിക്കാനും കൂടുതൽ തീഷ്ണമായ ആത്മബലത്തിൽ ജീവിക്കാനുമാവശ്യമായ കരുത്തും കൃപയും പകർന്നു നൽകി തിരുഹൃദയ സ്നേഹത്തിൽ എന്നുമെപ്പോഴും ഞങ്ങളെ ആശ്വാസമണയ്ക്കുകയും ചെയ്യണമേ... നിത്യസഹായ മാതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ