പ്രഭാത പ്രാർത്ഥന.........
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 128 : 1

 
prayer

പരിശുദ്ധ രാജ്ഞി... ഞങ്ങളുടെ കരുണയുള്ള മാതാവേ...
ആശ്വാസത്തിന്റെ ഉറവിടമായ അവിടുത്തെ ജപമാലയിൽ. സഹനങ്ങളിൽ ഇഴ നെയ്തെടുത്ത ഞങ്ങളുടെ സ്വപ്നങ്ങളെയും. ജീവിതവ്യഥകളെയും കോർത്തിണക്കി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾ മേഘങ്ങൾ തുളച്ചു കയറാത്തതിന്റെയും. കർത്തൃസന്നിധിയിൽ എത്തിച്ചേരാത്തതിന്റെയും കാരണക്കാർ ഞങ്ങൾ തന്നെയാണെന്ന സത്യം ചിലപ്പോഴെങ്കിലും ഞങ്ങളിൽ തന്നെ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കൊണ്ടോ. ഞങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ ശ്രമിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ ഞങ്ങൾ കാരണം ആരുടെയെങ്കിലും മനസ്സു വേദനിക്കാനിടയായിട്ടുണ്ടെങ്കിൽ. അവരുടെ മനമുരുകിയ കണ്ണുനീരിന്റെ ചൂടിൽ ഞങ്ങളുടെ അർത്ഥനകൾ ഉരുകിത്തീരുന്നുണ്ടാവാം. മറവിയിലേക്കു മറഞ്ഞു പോയിട്ടും പൊറുക്കപ്പെടാത്ത വെറുപ്പും വിദ്വേഷവും വൈരാഗ്യവുമൊക്കെ ബലപ്പെടുത്തിയിരിക്കുന്ന ഞങ്ങളുടെ ഹൃദയഭിത്തികളിൽ തട്ടി പ്രാർത്ഥനാ സ്വരങ്ങൾ ചിന്നിച്ചിതറി പോകുന്നതു കൊണ്ടുമാവാം.
അമ്മേ... മാതാവേ... ദൈവം ഞങ്ങളിൽ ചൊരിയാനാഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്കുള്ള തടസമായി നിലകൊള്ളുന്ന ഞങ്ങളിലുള്ള തിന്മയുടെ എല്ലാ സ്വാധീനവലയങ്ങളെയും തകർത്തു കളയണമേ. ഞങ്ങളുടെ മാനസികതലങ്ങളെ പരിശോധിച്ചറിയുകയും. ഞങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുകയും ചെയ്യണമേ. അപ്പോൾ അങ്ങയുടെ രക്ഷയുടെ സന്തോഷവും. നീതിയുടെ നിത്യാനന്ദവും ഞങ്ങൾക്കും സ്വന്തമാവുക തന്നെ ചെയ്യും...
നീതിയുടെ ദർപ്പണമേ... പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web