പ്രഭാത പ്രാർത്ഥന........
പ്രിയപ്പെട്ടവരേ. ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ദൈവത്തിന്റെ മുൻപിൽ നമുക്ക് ആത്മധൈര്യമുണ്ട്.
പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ദൈവത്തിൽ നിന്നും ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം ദൈവ ചൈതന്യം അവനിൽ വസിക്കുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ടും യുവസഹജമായ മോഹങ്ങളിൽ നിന്നും ഓടിയകലുന്നതിനു വേണ്ടിയുള്ള അനുഗ്രഹം യാചിച്ചു കൊണ്ടും ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണയുന്നു. പലപ്പോഴും ഇന്നത്തെ ജീവിതത്തിന് അനിവാര്യമായത് എന്നു കരുതിയാണ് പല തിന്മവഴികളും ഞങ്ങൾ ജീവിത യാത്രയ്ക്കു വേണ്ടി തെരഞ്ഞെടുക്കുന്നത്. തെറ്റാണെന്നറിയാമായിരുന്നിട്ടും പലരെയും അനുകരിക്കാൻ ശ്രമിച്ചതു കൊണ്ട് ഇതെനിക്കു ചെയ്യാതിരിക്കാൻ കഴിയുകയില്ല എന്നൊരവസ്ഥയിലേക്ക് പലപ്പോഴും സാഹചര്യങ്ങൾ ഞങ്ങളുടെ ജീവിതത്തെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. എന്നാൽ തെറ്റായത് ചെയ്തു പോയി എന്നൊരു കുറ്റബോധവും, നിരാശയും ഞങ്ങളിലുണ്ടാവുന്നിടത്തോളം കാലം ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിന്റെ പൂർണതയിൽ നിന്നു കൊണ്ട് ഞങ്ങൾക്ക് ദൈവത്തെ അഭിമുഖീകരിക്കാനോ. മനസ്സു നിറഞ്ഞ് അവിടുത്തോട് പ്രാർത്ഥിക്കാനോ കഴിയുകയില്ല എന്നുള്ളതാണ് സത്യം.
സ്നേഹ ഈശോയേ. ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീണു പോകാതെയും. തെറ്റായ ജീവിത മാതൃകകളെ അനുകരിക്കുന്നവരാകാതെയും സ്വന്തം ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവഹിതപ്രകാരമുള്ള തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള കൃപ ഞങ്ങൾക്കു നൽകണമേ. പാപവഴികളിലെ നേട്ടങ്ങളൊന്നും ഞങ്ങളെ ഒരിക്കലും വഴിതെറ്റിക്കാതിരിക്കട്ടെ. അപ്പോൾ നിർമലമായ മനസാക്ഷിയോടെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ ഞങ്ങൾക്ക് എന്നും അവിടുത്തെ അരികിൽ അണയാൻ കഴിയുകയും,ആത്മധൈര്യത്തോടെ അവിടുത്തെ കരുണയിൽ ആശ്രയിച്ചു കൊണ്ട് അങ്ങയുടെ അനുഗ്രഹത്തിന്റെ പുതുചൈതന്യത്താൽ ജീവൻ പ്രാപിച്ച ഭാഗ്യമുള്ള ഹൃദയത്തിനുടമകളായി തീരാനും,എന്നും അവിടുത്തേക്ക് പ്രീതിജനകമായതു മാത്രം പ്രവർത്തിക്കാനും ഞങ്ങൾക്കും കഴിയുക തന്നെ ചെയ്യും...
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ