കരുണയും വിശ്വസ്‌തതയും നിന്നെ പിരിയാതിരിക്കട്ടെ.അവയെ നിന്റെ കഴുത്തില്‍ ധരിക്കുക. പ്രഭാത പ്രാർത്ഥന

പരിശുദ്ധ അമ്മേ... ഞങ്ങളുടെ ആശ്രയമേ... അനുഗ്രഹത്തിന്റെ സുഗന്ധമുള്ള ജപമണിമുത്തുകളെ പ്രാർത്ഥനയുടെ സുകൃതങ്ങളോട് കോർത്തിണക്കി അമ്മയോടൊപ്പം ചേർന്ന് ഞങ്ങൾ ഈശോയിലേക്ക് മിഴികളുയർത്തുന്നു.
ഞങ്ങളുടെ ആത്മാവിന്റെ കേന്ദ്രബിന്ദു ദൈവമായിരിക്കണം എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയുമാണ് ഓരോ ദിവസവും ആരംഭിക്കാറുള്ളത്. എന്നാൽ ജോലിസ്ഥലങ്ങളിലായിരിക്കുമ്പോഴോ. പാചകം ചെയ്യുമ്പോഴോ. ജീവിതപങ്കാളിയെ സ്നേഹിക്കുമ്പോഴോ. കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോഴോ.
എന്തിനേറെ മറ്റുള്ളവരുടെ മുൻപിൽ അച്ചടക്കത്തോടെ പെരുമാറുമ്പോഴോ യാതൊരു ദൈവീക ചിന്തകളും. ദൈവസാനിധ്യവും ഞങ്ങൾക്കനുഭവപ്പെടാറില്ല.
ഇത്തിരി അസ്വസ്ഥതയോടെയാണെങ്കിലും പ്രാർത്ഥനയോടെ തന്നെ അതിന്റെ കാരണം ചികഞ്ഞിറങ്ങിയപ്പോഴാണ് തിരിച്ചറിവുണ്ടായത് നാഥാ... എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന രീതിയിൽ പ്രാർത്ഥിക്കുമ്പോഴും.
എല്ലാം എന്നെ ആശ്രയിച്ചിരിക്കുന്നു എന്ന ഭാവത്തോടെയാണ് ഞങ്ങൾ പെരുമാറിയിട്ടുള്ളതും. പ്രവർത്തിച്ചിട്ടുള്ളതും. അമ്മേ... മാതാവേ... അനുദിന ജീവിതത്തിൽ അങ്ങയുടെ മഹത്വം മറന്ന് ഞങ്ങൾ ഞങ്ങളുടെ മഹത്വം അന്വേഷിച്ചു പോയ അവസരങ്ങളെയോർത്ത് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളെ മാത്രമല്ല.
അതിനു പിന്നിലുള്ള ഉദ്ദേശ്യങ്ങളെയും പരിശുദ്ധാത്മാവിനാൽ അങ്ങ് വിശുദ്ധീകരിക്കേണമേ. അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവരെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിച്ചിരിക്കുന്നു.
എന്തെന്നാൽ അവർ അങ്ങയിൽ ആശ്രയിച്ചിരിക്കുന്നു എന്ന തിരുവചനം ഞങ്ങളുടെ ജീവിതത്തിലും അന്വർത്ഥമാകാൻ അനുഗ്രഹമരുളുകയും ചെയ്യണമേ... വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ