നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്കു വഴി തെളിച്ചു തരും. പ്രഭാത പ്രാർത്ഥന

കരുണമയനായ ഞങ്ങളുടെ കർത്താവേ... അങ്ങു ദാനമായി നൽകിയ ഈ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് അവിടുത്തെ സ്നേഹത്തിന്റെ നിറവിലേക്ക് ഈ പ്രഭാതത്തിൽ ഞങ്ങൾ മിഴികൾ തുറക്കുന്നു.
അങ്ങയുടെ കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത് എന്നു ഞങ്ങളറിയുന്നു. എന്നിട്ടും ഞങ്ങളുടെ ജീവിതത്തിൽ അടിക്കടി പരാജയങ്ങളേറുമ്പോൾ.
മറ്റുള്ളവരുടെ കഴിവിനും ഉയർച്ചക്കും മുൻപിൽ ഒന്നുമില്ലാത്തവരായി നിൽക്കേണ്ടി വരുമ്പോൾ. നിരാശയെക്കാളേറെ ഇത്രത്തോളം പരിശ്രമിച്ചിട്ടും ജീവിതത്തിൽ തോറ്റു പോയല്ലോ എന്ന അപകർഷതാബോധമാണ് മുന്നിലുള്ള സാധ്യതകളെ ഞങ്ങളിൽ നിന്നും മറയ്ക്കുന്നതും. ഞങ്ങളെയേറെ തളർത്തുന്നതും.
കർത്താവേ... ഞങ്ങളുടെ മാർഗവും ലക്ഷ്യവുമായവനേ. കരുണയോടെ ഞങ്ങളെ വീണ്ടെടുക്കണമേ. ഞങ്ങളുടെ ദുഃഖങ്ങളെ സന്തോഷമായി പകർത്തിയരുളുകയും.
ഞങ്ങളുടെ പരാജയങ്ങളെ അവിടുത്തെ രക്ഷയുടെയും സമാധാനത്തിന്റെയും ഫലമണിയിക്കുകയും ചെയ്യണമേ. അങ്ങിൽ വിശ്വസിക്കാനും പ്രത്യാശിക്കാനുമുള്ള കൃപ ചൊരിഞ്ഞനുഗ്രഹിക്കുകയും. നിത്യപ്രകാശമായി പ്രശോഭിച്ചു കൊണ്ട് ഞങ്ങളുടെ ജീവിതങ്ങളെ അവിടുന്ന് വഴി നടത്തുകയും ചെയ്യണമേ...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ