യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരുയജമാനന്‍ ഉണ്ടെന്ന് ഓര്‍മിക്കുവിന്‍. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ ദൈവമേ... അവശരുടെ ആലംബവും ആശയറ്റവരെ രക്ഷിക്കുന്നവനുമായ അവിടുത്തെ സന്നിധിയിൽ ഏറെ പ്രത്യാശയോടെ ഈ പ്രഭാതത്തിൽ ഞങ്ങളിതാ ശരണപ്പെടുന്നു. ഈ നിമിഷം വരെ അവിടുത്തെ പരിപാലനയിലും സ്നേഹത്തിലും ഞങ്ങളെ കാത്തു സൂക്ഷിച്ചതിന് നന്ദി പറയുന്നു.
ജീവിതത്തിൽ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകുമ്പോൾ മാത്രമല്ല ചിലപ്പോഴൊക്കെ ദിവസം മുഴുവൻ ഞങ്ങളോട് ഇടപെടുകയും സഹകരിക്കുകയും ചെയ്യുന്ന ഞങ്ങൾക്കു ചുറ്റുമുള്ള പ്രിയപ്പെട്ടവരെ മോശമായ വിളിപ്പേരുകളിലൂടെയും. കുറവുകളെ പരിഹസിക്കുന്ന തമാശകളിലൂടെയും.
വിലകുറച്ചു കാണുന്ന വാക്കുകളിലൂടെയും മറ്റുള്ളവരുടെ മുന്നിൽ അപമാനിതരാക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുമ്പോൾ തങ്ങളുടെ നിസ്സഹായത കൊണ്ടു മാത്രം നിശബ്ദമായി സഹിച്ചു നിൽക്കുന്ന അവരുടെ ഹൃദയങ്ങൾ മുറിപ്പെടുന്നതും ഒരിക്കലും അടുക്കാൻ കഴിയാത്ത അകലങ്ങളിലേക്ക് തമ്മിലുള്ള ബന്ധങ്ങൾ അകന്നു പോകുന്നതും പലപ്പോഴും ഞങ്ങൾ തിരിച്ചറിയുന്നില്ല.
കർത്താവേ... അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ ഞങ്ങളോട് പൊറുക്കണമേ. വാക്കുകളിലും പ്രവൃത്തികളിലും ഏറെ കരുണയുള്ളവരായിരിക്കാനും. ചുറ്റുമുള്ളവരോട് ഹൃദയാനുകമ്പയോടെ പെരുമാറാനും ഞങ്ങൾക്ക് കൃപ നൽകണമേ.
നിസ്വാർത്ഥമായ സ്നേഹത്തിലും ബഹുമാനത്തിലും ജീവിക്കാനും. ഹൃദയബന്ധങ്ങളെ എളിമയിലും വിശുദ്ധിയിലും നിലനിർത്താനും ആവശ്യമായ സഹായവും അനുഗ്രഹവുമേകി ്് ദിനവും അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ