കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന്‌അനുസൃതമായി കരുണാപൂര്‍വംഎന്നെ അനുസ്‌മരിക്കണമേ! പ്രഭാത പ്രാർത്ഥന
കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയേ..
കണ്ണുനീരിന്റെയും കഷ്ടപ്പാടുകളുടെയും രോഗദുരിതങ്ങളുടെയും മധ്യത്തിലും അധരം തുറക്കുന്ന തിരുനാമസങ്കീർത്തനം ഉരുവിടാനുള്ള കൃപയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു. ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ ആത്മാവില്ലാത്ത വെറും ശരീരം മാത്രമായി തീരുന്ന അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്.
അത്രമേൽ പ്രിയപ്പെട്ടവരുടെ വേർപാടുകളോ ഹൃദയത്തിലിടം നൽകി സ്നേഹിച്ചവരുടെ തിരസ്ക്കരണങ്ങളോ ഒരുമിച്ചു ജീവിക്കുന്നവരായിട്ടും, മനസ്സിലിടം നൽകാത്ത പങ്കാളിയുടെ അവഗണനയിലോ, സ്വന്തമായി കരുതി സ്നേഹിച്ചവർ ഹൃദയത്തിൽ ഏൽപ്പിച്ച മനം നുറുങ്ങുന്ന വാക്കുകളുടെ മുറിവാടയാളങ്ങളോ കൊണ്ട് ഞങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ആഗ്രഹിച്ചു പോകാറുണ്ട്.
ഈശോയേ... നിത്യസ്നേഹത്തിന്റെ ഉറവിടമായ അങ്ങിൽ പരിപൂർണ വിശ്വാസമർപ്പിച്ചു കൊണ്ട് പൂർണ ഹൃദയത്തോടും ആത്മാവോടും കൂടെ അങ്ങയോടൊപ്പം ചേർന്ന് ജീവിതത്തെ സധൈര്യം നേരിടാനുള്ള കൃപ നൽകണമേ.
നശ്വരമായ സഹനങ്ങൾക്കപ്പുറം അനശ്വരമായ പ്രത്യാശയിലേക്ക് മിഴിതുറക്കുന്ന വിശ്വാസത്തിൽ ഉന്നതി പ്രാപിക്കാനും ക്ഷമാപൂർവം അവിടുത്തെ അനുഗ്രഹത്തിനു വേണ്ടി കാത്തിരിക്കാനുമുള്ള ശക്തി പകർന്നു നൽകുകയും ചെയ്യണമെ.... ഈശോയെ അങ്ങയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുവാൻ ഒരുങ്ങുന്ന ഞങ്ങളെ സഹായിക്കണമേ... ആമേൻ