കര്‍ത്താവേ, എന്റെ ആത്‌മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. പ്രഭാത പ്രാർത്ഥന

സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയ സ്നേഹ കാരുണ്യത്തിനു നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ഞങ്ങൾ അവിടുത്തെ അരികിലണയുന്നു.
ഞങ്ങളുടെ ജീവിതത്തിൽ ഭൗതികമായുള്ള സുഖങ്ങളും, നേട്ടങ്ങളും, അംഗീകാരങ്ങളും സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെയാവാം ആഗ്രഹിക്കുന്ന ഇടങ്ങളിൽ നിന്നും അംഗീകാരം കിട്ടാതെ വരുമ്പോൾ.
അർഹിക്കുന്ന നേട്ടങ്ങൾ കൈവിട്ടു പോകുമ്പോൾ. സ്നേഹിച്ച ഹൃദയബന്ധങ്ങൾക്ക് ഇനി തന്നെ വേണ്ടാ എന്നറിയുമ്പോൾ സകലതും വ്യർത്ഥമാണെന്ന നിരാശയിൽ അടിപതറുകയും ജീവിതത്തിനു മുൻപിൽ തോറ്റു പോവുകയും ചെയ്യുന്നത്.
കർത്താവേ... അവിടുത്തെ കാരുണ്യത്തിൽ ഞങ്ങളെ അങ്ങു ഓർക്കണമേ. ഭൗതിക നേട്ടങ്ങളോടുള്ള ആഗ്രഹത്തിലുപരി അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാകാൻ. അവിടുത്തെ ഹിതം നിറവേറ്റുന്നതിൽ തീഷ്ണതയും സന്തോഷവുമുള്ളവരായിരിക്കാൻ ഞങ്ങളിൽ കൃപയായിരിക്കണേ.
അങ്ങിൽ നിന്നും ഞങ്ങളുടെ സകലാശ്വാസവും അനുഗ്രഹവും എത്തും വരെ അങ്ങിൽ മാത്രം ഹൃദയമർപ്പിച്ചു ജീവിക്കാൻ നിത്യതയോളം ഞങ്ങളെ അങ്ങു തുണയ്ക്കുകയും ചെയ്യണമേ... കൃപ നിറഞ്ഞ രക്ഷകനായി മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യ ഈശോയേ... ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേൻ