ജനതകളുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
പ്രഭാത പ്രാർത്ഥന
ഹബക്കുക്ക് 1 : 5
ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ഈശോയേ... അങ്ങയുടെ സ്നേഹം അറിയുവാനും അനുഭവിക്കുവാനും. നിരന്തരം അവിടുത്തെ സാനിധ്യം തേടാനും. ഉണർവ്വോടെ ദൈവസ്തുതികളാലപിക്കാനും പുതിയൊരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിനെയോർത്ത് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.
പാപമല്ലാതെ മറ്റൊന്നും ഞങ്ങളിൽ ഇല്ലാതിരുന്നിട്ടും. അഹങ്കാരമല്ലാതെ മറ്റൊന്നും ഞങ്ങൾ അവിടുത്തെ മുൻപിൽ പ്രകടിപ്പിക്കാതിരുന്നിട്ടും ഓരോ നിമിഷവും അങ്ങയുടെ കരുണയൊന്നു കൊണ്ടു മാത്രം നിലനിന്നു പോരുന്നവരാണു ഞങ്ങൾ.
എന്നിട്ടും കർത്താവേ... ഞങ്ങൾ അനുഭവിക്കുന്ന അങ്ങയുടെ സ്നേഹവും പരിപാലനയും മറ്റുള്ളവരോടു വെളിപ്പെടുത്താനോ. വിശ്വാസം കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഒരു മാതൃകയാകാനോ പരിശ്രമിക്കാതെ ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ച്ചപ്പാടുകളെയും പിന്തുടർന്നും.
അവരുടെ കഴിവുകളെയും അഭിനയങ്ങളെയും മാത്രം ആരാധിച്ചും ഈ ഭൂമിയിലെ ജീവിതങ്ങളെ ഞങ്ങൾ വ്യർത്ഥമാക്കുന്നു. ഈശോ നാഥാ... അങ്ങയുടെ മാർഗങ്ങളെ പിന്തുടരാതെയും. അങ്ങയുടെ സ്നേഹത്തിനു വില കൽപ്പിക്കാതെയും കടന്നുപോയ ഞങ്ങളുടെ ജീവിതാവസ്ഥകളെയോർത്ത് പശ്ചാത്തപിക്കുന്നു.
തിന്മയിലേക്കു ചായുന്ന ഞങ്ങളുടെ പ്രവൃത്തികളെയും. പ്രലോഭനങ്ങൾ കീഴടക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ വഴികളെയും ഞങ്ങളിൽ നിന്നും ദൂരെയകറ്റുകയും. ഞങ്ങളുടെ വിശ്വാസജീവിതത്തിനു കൂടുതൽ കരുത്തും. പ്രകടമാകുന്ന കൂടുതൽ ആത്മീയ കൃപകളും വർഷിക്കുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ