നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല. അവിടുന്നു നമ്മെ സ്നേഹിക്കുകയും. നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രഭാത പ്രാർത്ഥന

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹീതമായ ഈ പ്രഭാതത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നതിലുമധികം നന്മകൾ ഞങ്ങൾക്കായ് ഒരുക്കി വച്ചു കൊണ്ട് ഞങ്ങളെ വിളിച്ചുണർത്തിയ അവിടുത്തെ സ്നേഹത്തിനും.
കരുണയ്ക്കും ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും. ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ മറ്റുള്ളവർക്കു കൊടുത്ത സ്നേഹം തിരസ്കരിക്കപ്പെട്ടതിന്റെയോ.
ഞങ്ങൾ ചെയ്തു കൊടുത്ത ഉപകാരങ്ങൾ പരിഗണിക്കപ്പെടാതെ പോയതിന്റെയോ വിദ്വേഷവും വെറുപ്പും ഞങ്ങൾക്കു ചുറ്റുമുള്ളവരെ വേദനിപ്പിച്ചു കൊണ്ട് പ്രകടിപ്പിക്കുന്നവരാണ് ഞങ്ങൾ. അവർക്കർഹതപ്പെട്ട സന്തോഷങ്ങളെ നിഷേധിച്ചു കൊണ്ടും. അവർക്കാവശ്യമായ സഹായങ്ങളെ നിരസിച്ചു കൊണ്ടും സ്വയം സംതൃപ്തി കണ്ടെത്താൻ പരിശ്രമിക്കുന്നവർ.
കർത്താവേ... ഞങ്ങളോട് കരുണ തോന്നണമേ... എളിമയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം ഞങ്ങൾക്കു നൽകണമേ. ക്ഷമിക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.
അങ്ങ് ആഗ്രഹിക്കാത്ത യാതൊന്നും ഞങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും കടന്നു വരാൻ അനുവദിക്കരുതേ. നല്ലതു മാത്രം ചെയ്യാനും. നന്മകളിൽ ജീവിക്കാനും ആവശ്യമായ കൃപയും. സഹായവുമേകി അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ.... ആമേൻ