പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യം കൊണ്ടു ഞങ്ങളെ സംതൃപ്‌തരാക്കണമേ!ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ ദൈവമേ... ഞങ്ങളുടെ കണ്ണുനീരുകൾക്കും പ്രാർത്ഥനകൾക്കും ഉത്തരം നൽകുന്നവനേ. അനുഗ്രഹിക്കപ്പെട്ട ഈ പുതിയ പ്രഭാതത്തിലും നന്ദിയോടെ ഞങ്ങളങ്ങയെ സ്തുതിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ജീവിതമില്ലെന്നും. അതിനെയൊക്കെ തരണം ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നുമൊക്കെ എല്ലാവരും പറയാറുണ്ട്.
എങ്കിലും ചിലപ്പോഴെങ്കിലും മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഞങ്ങളെ തളർത്തുന്നതും. തകർക്കുന്നതും സ്വന്തം കുടുംബത്തിനുള്ളിൽ നിന്നു തന്നെ ഞങ്ങൾക്കു നേരെ ഉയരുന്ന പഴിചാരലുകളാണ്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പിടിച്ചു നിൽക്കുമായിരുന്നു. പക്ഷേ ഞങ്ങളുടെ കുടുംബം ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോഴാണ് ഞങ്ങൾ വീണു പോയത് എന്നു സ്വയം തകർന്നു വിലപിക്കുന്ന അനേകർ ഇന്നും ഞങ്ങളുടെയിടയിലുണ്ട്.
ഈശോയേ. പെറ്റമ്മ മറന്നാലും എന്നെ മറക്കാത്ത അങ്ങയുടെ സ്നേഹവായ്പ്പിൽ ഞങ്ങളഭയം തേടിയണയുന്നു. അങ്ങയുടെ ഉള്ളം കയ്യിൽ ഞങ്ങളുടെ കരങ്ങളും കോർത്തു പിടിച്ചിരിക്കുന്നു എന്ന വിശ്വാസം ഒന്നുമാത്രമാണ് ഇടറി വീഴാതെ ഞങ്ങളെ ഇന്നും മുന്നോട്ടു നയിക്കുന്നത്.
ഞങ്ങളുടെ ജീവിതത്തിലെ നോവിടങ്ങളിൽ അങ്ങയുടെ തിരുഹൃദയത്തിന്റെ സമാധാനം അനുഭവിക്കാനും. അങ്ങേ തിരുമുറിവുകളാൽ വീണ്ടെടുക്കപ്പെടാനും ഞങ്ങളേയും യോഗ്യതയുള്ളതാക്കിയരുളേണമേ...
സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ... ആമേൻ