പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്‌തരാക്കണമേ!ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. പ്രഭാത പ്രാർത്ഥന

സങ്കീര്‍ത്തനങ്ങള്‍ 90 : 14
പരിശുദ്ധനും ബലവാനുമായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങളുടെ ജീവന്റെ സൃഷ്ടാവും ആത്മാവിന്റെ സന്തോഷവുമായ അങ്ങയുടെ തിരുസന്നിധിയിലേക്ക് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളണയുന്നു.
ഞങ്ങളുടെ ചിന്തകളിൽ പോലുമുള്ള വിശുദ്ധിയെ ദൈവം വിലമതിക്കുന്നുണ്ടെന്ന തിരിച്ചറിവില്ലാതെ പലപ്പോഴും വാക്കുകളിലും പ്രവൃത്തികളിലും ബന്ധങ്ങളിലും ജീവിത രീതിയിലുമൊക്കെയുള്ള ലാളിത്യത്തെ നഷ്ടപ്പെടുത്തി ചുറ്റുമുള്ള എല്ലാവരോടും.
എല്ലാറ്റിനോടും ഞങ്ങൾ മത്സരബുദ്ധിയോടെ പെരുമാറുന്നു. അതിന്റെ ഫലമായി ഒരു നിമിഷം പോലും സ്വസ്ഥമായിരിക്കാൻ കഴിയാത്ത മനഃസംഘർഷങ്ങളും.സമാധാനമായി ഉറങ്ങാനാവാത്ത രാത്രികളും ഞങ്ങളെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു.
ഈശോയേ. ഞങ്ങളുടെ ഹൃദയം എപ്പോഴും അങ്ങയുടെ തിരുമുൻപിൽ നിർമ്മലമായിരിക്കാനുള്ള അനുഗ്രഹമേകണമേ.എളിമയിലും നീതിയിലും വ്യാപരിക്കാനും. ചുറ്റുമുള്ളവരിൽ ദൈവസ്നേഹത്തിന്റെ മാതൃകയാകാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.
അപ്പോൾ ഞങ്ങളുടെ ഹൃദയസമാധാനത്തിന്റെ ഫലം ഞങ്ങൾക്കു ചുറ്റുമുള്ളവരിലും അനുഭവവേദ്യമാവുക തന്നെ ചെയ്യും... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ