നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

കരുണാമയനായ ഞങ്ങളുടെ ദൈവത്തിന് ഈ പുലരിയിലും ഒരായിരം നന്ദി...

ചിലപ്പോഴെങ്കിലും ഞങ്ങളുടെ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മറന്നു പോകുന്നതാണ് എന്ന ഭാവത്തോടെ ഞങ്ങൾ അവഗണിച്ചു കളഞ്ഞ ഞങ്ങളിലെ ചില നല്ല ശീലങ്ങളെ വീണ്ടും തിരികെ നേടിയെടുക്കാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ പ്രഭാതത്തിൽ അങ്ങയുടെ അരികിൽ ഞങ്ങളണഞ്ഞിരിക്കുന്നത്. കുഞ്ഞു നാൾ മുതൽ ശീലിച്ചതും.

ഈശോയ്ക്കു നൽകാൻ അത്രയേറെ സ്നേഹത്തോടെ എന്നു ചൊല്ലിപ്പറഞ്ഞു ചെയ്തു വന്നിരുന്നതുമായ ഞങ്ങളുടെ ചെറിയ ആശയടക്കങ്ങളുടെ പുണ്യവരത്തെ. യാത്രയിലുടനീളവും, വിശ്രമത്തിന്റെ ഇത്തിരി നേരങ്ങളിലും, രാവേറെ വൈകി കിടക്കയെ സമീപിച്ചാലും നിദ്ര പുൽകും വരെയും ഞങ്ങളുടെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ജപമാല പ്രാർത്ഥനയെ.

ഒരിക്കൽ സൗഹൃദങ്ങളോടൊപ്പം ചേർന്നു പകുത്തെടുത്ത് ഒരിത്തിരി വാശിയോടെയും അതിലേറെ ആകാംഷയോടെയും വായിച്ചു ഗ്രഹിക്കാൻ തീരുമാനിച്ച അങ്ങയുടെ തിരുവചന സത്യത്തോടുള്ള ഞങ്ങളുടെ തീവ്രമായ ആഗ്രഹത്തെ. ഈ പുണ്യങ്ങൾ ഞങ്ങൾക്കു നൽകിയ ദൈവവരപ്രസാദത്തെ ഇന്നിന്റെ ജീവിതരീതിയിൽ മനഃപൂർവ്വമോ അല്ലാതെയോ ഞങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞു.

ഈശോയേ... മാറുന്ന സുഖസൗകര്യങ്ങൾക്കിടയിലെ മായാക്കാഴ്ച്ചകളിലും. സന്തോഷങ്ങളിലും ഭ്രമിക്കാതെ നിത്യമായ ആനന്ദം പകർന്നു തരുന്ന അങ്ങയുടെ ഹൃദയത്തിലെ ഇത്തിരിയിടത്തേക്ക് ഞങ്ങളുടെ ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കാനുള്ള സുകൃതവഴികൾ ഞങ്ങളെയും അഭ്യസിപ്പിക്കേണമേ. അപ്പോൾ നിദ്രയിൽ പോലും ഞങ്ങൾ ഉണർവ്വുള്ളവളാവുകയും.

ഞങ്ങളുടെ ഹൃദയവും അങ്ങേ തിരുഹൃദയത്തിന് എന്നും അനുരൂപമായി തീരുകയും ചെയ്യും... ഈശോയുടെ ദിവ്യഹൃദയമേ... എല്ലാവരും നിന്നെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ... ആമേൻ

Tags

Share this story

From Around the Web