നിങ്ങള്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും; പ്രഭാത പ്രാർത്ഥന

അമലമനോഹരിയായ പരിശുദ്ധ അമ്മ മാതാവേ... ചൊല്ലും തോറും മാധുര്യമേറുന്ന ജപമാല പ്രാർത്ഥനയിൽ ദിനംതോറുമുള്ള ഞങ്ങളുടെ മുഴുവൻ ശരണവുമർപ്പിച്ചു കൊണ്ട് ഞങ്ങളിതാ അമ്മയോടു കൂടുതൽ ചേർന്നിരിക്കുന്നു.
ജീവിതത്തിൽ ഞങ്ങൾ എത്ര ക്ലേശിതരായിരുന്നാലും അധ്വാനത്തിലും അലച്ചിലുകളിലും ഞങ്ങൾ എത്ര ക്ഷീണിതരായിരുന്നാലും.
നാളെയെക്കുറിച്ചുള്ള ആകുലതകളും അസ്വസ്ഥതകളും ഞങ്ങളെ എത്രത്തോളം വീർപ്പുമുട്ടിച്ചിരുന്നാലും ജപമാല കൈയ്യിലെടുക്കുമ്പോൾ വലിയൊരാശ്വാസവും ശക്തിയും ഞങ്ങളിൽ നിറയുന്നതും ഭാരങ്ങളെല്ലാമകന്ന് ഞങ്ങളുടെ ഹൃദയം ഒരു തൂവൽ പോലെ മൃദുവാകുന്നതും ഞങ്ങളനുഭവിച്ചറിയാറുണ്ട് അമ്മേ...
ജപമാല പ്രാർത്ഥനയിലുള്ള വിശ്വാസവും ആശ്രയവും ഒരുപക്ഷേ ഞങ്ങളുടെ സഹനങ്ങളെ ജീവിതത്തിൽ നിന്നും അകറ്റി കളഞ്ഞില്ലെങ്കിലും ജീവിതപോരാട്ടങ്ങളിൽ അതു ഞങ്ങളെ കരുത്തുറ്റവരാക്കുമെന്നും മുന്നോട്ടു പോകാനുള്ള ആത്മീയവീര്യം പകർന്നു ശക്തനായവനിൽ ഞങ്ങളെ അഭയമണയ്ക്കുമെന്നും പൂർണമായി ഞങ്ങൾ വിശ്വസിക്കുന്നു.
അമ്മേ മാതാവേ... ജപമാലപ്രാർത്ഥനയിലൂടെ അമ്മയുടെ കരം പിടിച്ചു കൊണ്ട് ജീവിതയാത്ര തുടരുന്ന ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ എല്ലാ പ്രശ്നങ്ങളിലും ഉചിതമായ പരിഹാരമരുളി ഞങ്ങൾ പ്രത്യാശിക്കുന്ന നന്മകളെ ഈശോയിൽ നിന്നും വാങ്ങി തരേണമേ.
അവിടുത്തെ മാതൃസ്നേഹത്തിൽ ഞങ്ങളെ സംരക്ഷിതരാക്കുകയും. അവിടുത്തെ കൃപയുടെ രക്ഷയിലും സമൃദ്ധിയിലും ഞങ്ങളുടെ ജീവിതങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
അനുഗ്രഹത്തിന്റെ അമ്മയായ പരിശുദ്ധ ദൈവമാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ