മനസ്സു വച്ചാൽ നിനക്കു കൽപ്പനകൾ പാലിക്കാൻ സാധിക്കും. വിശ്വസ്ഥതാപൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ സ്രഷ്ടാവും പരിപാലകനുമായ നല്ല ദൈവമേ...
കുശവന്റെ കൈയ്യിൽ കളിമണ്ണെന്ന പോലെ ഞങ്ങളെ പൂർണമായി അവിടുത്തെ കരങ്ങളിൽ ഭരമേൽപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു.
അവിടുത്തെ ഇഷ്ടമനുസരിച്ച് ജീവനിൽ ഞങ്ങളെ രൂപപ്പെടുത്തേണമേ. ഭൂവിൽ ആഗ്രഹിക്കുന്നതെല്ലാം കൊടുത്തു ഞങ്ങളുടെ ശരീരത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ.
ഞങ്ങളുടെ കണ്ണിന്റെ ദുരാശകൾ. കേൾവിയ്ക്ക് സുഖം പകരുന്ന വാക്കുകൾ. നാവിനിഷ്ടമുള്ള രുചിവ്യത്യാസങ്ങൾ. വികാരവിചാരങ്ങളെ കീഴ്പ്പെടുത്തുന്ന ഹൃദയബന്ധങ്ങൾ. അങ്ങനെ ഒന്നിനും നിയന്ത്രണം പാലിക്കാത്ത ശീലങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീരുമ്പോൾ ആശയടക്കങ്ങളുടെ പ്രേരണകളും. ആത്മാവിന്റെ പ്രചോദനവരങ്ങളും പലപ്പോഴും ഞങ്ങളിൽ നിർവീര്യമായി തീരുന്നു.
ഈശോയേ... അനുദിന ജീവിതത്തിൽ അങ്ങയെ രുചിച്ചറിയുവാനുള്ള വിശപ്പും ദാഹവും. അതിലുപരി തീഷ്ണമായ ആഗ്രഹവും ഞങ്ങളിൽ വളർത്തേണമേ.
ഞങ്ങൾ കൊളുത്താതെ തന്നെ ഞങ്ങൾക്കു ചുറ്റും എരിയുന്ന മാനുഷിക പ്രലോഭനങ്ങളുടെ അഗ്നിയിൽ നിന്നും അവിടുന്ന് ഞങ്ങളെ രക്ഷിക്കുകയും. ഫലപ്രദമായ പൂർത്തീകരണത്തിലൂടെയും. സമ്പൂർണമായ സമർപ്പണത്തിലൂടെയും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള കൃപാവരമേകി അനുനിമിഷം ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
വിശുദ്ധ ഏവുപ്രാസ്യാ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ