ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. പ്രഭാത പ്രാർത്ഥന

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ അങ്ങയുടെ തിരുസന്നിധി തേടി വരുമ്പോൾ അങ്ങയെ സ്നേഹിച്ചു. സ്തുതിച്ചു. മഹത്വപ്പെടുത്തി ജീവിക്കാൻ ദാനമായി നൽകിയ ഈ പുതിയ ദിവസത്തെയോർത്തു നന്ദി പറയുന്നു.
ഇന്നേ ദിനം അവിടുത്തെ അനുവാദമില്ലാതെ ഒന്നും ഞങ്ങളെ സ്പർശിക്കുകയില്ലെന്ന് ഓർത്തു കൊണ്ട് അവിടുത്തെ സാനിധ്യത്തിലായിരിക്കാൻ. ചുറ്റുപാടുകളിൽ നന്മ ചെയ്യാൻ.
കരുണ കാണിക്കാൻ ഞങ്ങൾക്കവിടുത്തെ കൃപ തരണേ. ഇന്നേ ദിനം ഞങ്ങളുടെ പ്രതീക്ഷകൾക്കു വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഞങ്ങളെ ആശങ്കപ്പെടുത്തുന്ന തടസങ്ങളും താമസങ്ങളുമെല്ലാം യഥാസമയം നന്മയായി തെളിയുമെന്ന ഉത്തമ വിശ്വാസബോധ്യത്തിൽ നിലനിൽക്കാൻ ഞങ്ങൾക്ക് തുണയാവണേ.
ഞങ്ങളുടെ ആകുലതകളിലും ഉത്തരമില്ലാത്ത ക്ലേശങ്ങളിലും ഞങ്ങൾക്ക് പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലും അങ്ങിൽ മാത്രമാണ് ഞങ്ങളുടെ ആശ്വാസമെന്നും അങ്ങിൽ നിന്നാണ് രക്ഷയെന്നുമുള്ള മനോശരണത്തോടെ തിരുമനസ്സു നിറവേറണമേ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാനും സ്വസ്ഥതയിൽ കാത്തിരിക്കാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.
എല്ലാറ്റിലുമുപരി യാതൊരു തിന്മകൾക്കും ഭയാശങ്കകൾക്കും ഇടമില്ലാത്ത വിധം അവിടുത്തെ സ്നേഹത്തിലും കാരുണ്യത്തിലും ദിനം മുഴുവൻ ഞങ്ങളെ നിറച്ചരുളുകയും ചെയ്യണമേ... എന്റെ അമ്മേ... എന്റെ ആശ്രയമേ... ആമേൻ