നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്‌ഷ്‌ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും? പ്രഭാത പ്രാർത്ഥന
ആരാധനയ്ക്ക് ഏറ്റവും യോഗ്യനായ ഞങ്ങളുടെ നല്ല ദൈവമേ...
മനുഷ്യരെ പ്രീണിപ്പിക്കുന്നതിന് അവരുടെ കണ്മുൻപിൽ മാത്രം പ്രവർത്തിക്കുന്നവരെ പോലെയാകാതെ പൂർണഹൃദയത്തോടെ ദൈവഹിതം അനുവർത്തിച്ചു കൊണ്ട് ക്രിസ്തുവിന്റെ ദാസന്മാരായി തീരാൻ പ്രാർത്ഥനയിൽ ഒന്നു ചേരുന്ന മനസ്സുമായി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.
പലപ്പോഴും ഞങ്ങളുടെ വിശ്വാസം അത്ഭുതങ്ങളെയും അടയാളങ്ങളെയും മാത്രം പിന്തുടർന്ന് മുന്നോട്ടു പോകുന്നതായി തോന്നാറുണ്ട്. സ്വന്തം ഇടവക ദേവാലയത്തിൽ പോകാൻ മടികാണിക്കുന്ന ഞങ്ങൾ പക്ഷേ അത്ഭുതങ്ങൾക്കു പേരു കേട്ടതും, കിലോമീറ്ററുകളോളം ദൂരമുള്ളതുമായ സ്ഥലങ്ങളിലെ ദേവാലയങ്ങളിൽ പോയി നേർച്ച നിറവേറ്റാനും, പ്രാർത്ഥിക്കാനും പിന്നെ അവിടെ ഞങ്ങൾ പോയിരുന്നു എന്ന് നാലാളോട് മേനി പറയാനുമൊക്കെ അതിയായ ഉത്സാഹത്തോടെ പരിശ്രമിക്കാറുണ്ട്.
അപ്പോഴൊക്കെയും സ്വന്തം ഇടവക ദേവാലയത്തിലെ പ്രാർത്ഥനകളെയും, ഒരു നിമിഷത്തേക്കെങ്കിലും അത് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെയും ഞങ്ങൾ സൗകര്യപൂർവം മറക്കും.
ഈശോയേ. അരികിലുള്ള ദൈവസ്വരത്തിനു കാതോർക്കാതെ അടയാളങ്ങൾ അന്വേഷിക്കുകയും, അതിന്റെ പിന്നാലെ പോയി ദൈവം കനിഞ്ഞു നൽകുന്ന വിലയേറിയ സമയത്തെയും അവസരങ്ങളെയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നവരാകാതെ. എപ്പോഴും എവിടെയും ദൈവസ്വരത്തിനു കാതോർക്കുന്നവരാകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.
അപ്പോൾ മന്ദീഭവിച്ച ഹൃദയവുമായി അത്ഭുതങ്ങളെ തേടിനടന്ന് ദൈവസ്നേഹത്തെ വിലകുറച്ചു കാണാതെ, സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവന്റെ ഉറവിടമായ ദൈവത്തെ അന്വേഷിച്ചു കണ്ടെത്താനും, അതോടൊപ്പം ലഭ്യമാകുന്ന ദൈവാനുഗ്രഹങ്ങളെ നേടിയെടുക്കാനും ഞങ്ങളും യോഗ്യരായി തീരുക തന്നെ ചെയ്യും...
നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ