കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. പ്രഭാത പ്രാർത്ഥന
സ്നേഹനാഥനായ ഞങ്ങളുടെ നല്ല ദൈവമേ...
ഒരിക്കലും അസ്‌തമിക്കാത്ത സ്നേഹത്തോടെയും. ഒരിക്കലും അവസാനിക്കാത്ത കാരുണ്യത്തോടെയും ഈ പുതിയ പ്രഭാതം കാണാൻ അനുവദിച്ചതിനെയോർത്ത് ഞങ്ങളങ്ങയെ സ്തുതിക്കുകയും പുകഴ്ത്തുകയും. അങ്ങേയ്ക്ക് ഒരായിരം നന്ദിയർപ്പിക്കുകയും ചെയ്യുന്നു.
ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിക്കണമേ എന്നു പ്രാർത്ഥിക്കുമ്പോഴും.
റ്റുള്ളവരുടെ ചെറിയ തെറ്റുകളും അപൂർണതകളും പോലും ക്ഷമിക്കാൻ കഴിയാത്ത മനോഭാവം ഞങ്ങളുടെ ഹൃദയങ്ങളെയും അസ്വസ്‌ഥപ്പെടുത്തുകയും ജീവിതത്തിൽ സമാധാനം ഇല്ലാതെയാക്കുകയും ചെയ്യാറുണ്ട്.
ഒന്നു മിണ്ടിയാൽ. കുറവുകളെ അംഗീകരിച്ചാൽ. പുഞ്ചിരിയോടെ ഒന്നു ചേർത്തു പിടിച്ചാൽ. ഞങ്ങൾ അവരുടെ മുൻപിൽ തോറ്റു പോയതു പോലെയാവും. ഞങ്ങൾക്കൊരു വിലയുമില്ലാതാവും എന്ന ഉൾഭയം ഞങ്ങളിലുള്ളിടത്തോളം കാലം പുറമേ ക്ഷമിച്ചു എന്നു ഭാവിച്ചാലും. ഹൃദയത്തിൽ അതിന്റെ ഫലമനുഭവിക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയാറില്ല.
ഈശോയേ... മറ്റുള്ളവരുടെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ മനസ്സിലുണ്ടായ അസ്വസ്ഥതകളെ അങ്ങയുടെ പാദപീഠത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഏകാഗ്രമായ മനസ്സോടെയും ഹൃദയപൂർവ്വകമായും അവരോടു ക്ഷമിക്കാൻ ഞങ്ങളെ സഹായിക്കേണമേ.
തന്നെത്തന്നെ എളിമപ്പെടുത്തി മാപ്പപേക്ഷിച്ചും. പരസ്പരം മാപ്പു നൽകിയും ജീവിതത്തിൽ വർത്തിക്കുവാനുള്ള അനുഗ്രഹമേകണമേ.അപ്പോൾ ഞങ്ങളുടെ സ്നേഹവും എളിമയും ദർശിച്ചു കൊണ്ടിരിക്കുന്ന അങ്ങയുടെ മുൻപിൽ കുറ്റമറ്റ ദൈവമക്കളായി ഞങ്ങളും പ്രശോഭിക്കുകയും അങ്ങയിൽ നിന്നും കൂടുതൽ പ്രസാദവരങ്ങളെ ആത്മാവിലേക്ക് നേടിയെടുക്കുകയും ചെയ്യും...
ഈശോയുടെ തിരുഹൃദയമേ... ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ... ആമേൻ