ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും. പ്രഭാത പ്രാർത്ഥന
സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... നിരവധിയായ നന്മകളാൽ ഞങ്ങളെ അനുഗ്രഹിക്കുന്ന അവിടുത്തെ കരുണ നിറഞ്ഞ സ്നേഹത്തിനു മനം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.
ജീവിതാവസാനം വരെ ഞങ്ങളുടെ കൂടെയുണ്ടാവുമെന്നും ഒരിക്കലും വിട്ടുപിരിയാത്ത കൂട്ടായിരിക്കുമെന്നും പറഞ്ഞ അത്രയും പ്രിയപ്പെട്ട ഞങ്ങളുടെ സ്നേഹിതർ തന്നെ അവരുടെ സാനിധ്യവും സമാശ്വാസവും ഞങ്ങൾ ഏറ്റവുമധികം ആഗ്രഹിച്ച ഞങ്ങളുടെ പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും നടുവിൽ ഞങ്ങളെ തനിച്ചാക്കി അകന്നു മാറി പോയപ്പോഴും.
ഒന്നു സംസാരിക്കാൻ പോലും തയ്യാറാവാത്ത തിരക്കുകളാൽ ഞങ്ങളെ അവഗണിച്ച് അകറ്റി നിർത്തിയപ്പോഴും ഞങ്ങൾ തളർന്നു പോയതും തകർന്നുടഞ്ഞതും തിരിച്ചറിഞ്ഞത് അങ്ങു മാത്രമായിരുന്നുവല്ലോ നാഥാ.
കർത്താവേ... രാവിലും പകലിലും കണ്ണിമ ചിമ്മാതെ ഞങ്ങൾക്കു കരുതലും കാവലുമായിരിക്കുന്നവനേ. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. മറ്റാർക്കും നൽകാനാവാത്ത ആശ്വാസവും സ്നേഹവും പകർന്നു തരാനും.
ഏറ്റവും ദുർബലമായി തീർന്ന ഞങ്ങളുടെ നെഞ്ചുലഞ്ഞ പ്രാർത്ഥനകൾക്കു പോലും പ്രത്യുത്തരം നൽകാനും അങ്ങു മാത്രമാണ് മതിയായവനെന്ന് ഞങ്ങളിതാ ആത്മാവിൽ വിശ്വസിച്ചു ഏറ്റു പറയുന്നു.
ഈ ലോകം മുഴുവൻ കൂടെയുണ്ടായാലും അങ്ങു കൂടെയില്ലെങ്കിൽ ഞങ്ങൾ ശൂന്യരാണെന്ന തിരിച്ചറിവോടെ. ഓരോ നിമിഷവും ഞങ്ങളുടെ ജീവിതത്തിൽ അവിടുന്നു ചൊരിയുന്ന ദൃശ്യവും അദൃശ്യവുമായ കൃപകളുടെ സമൃദ്ധിയിൽ വളരുവാനും ഫലമണിയാനും അവിടുന്നു തന്നെ ഞങ്ങളെ ശക്തരും പ്രാപ്തരുമാക്കണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ